Spread the love
ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം തടയാന്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി

മലപ്പുറം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി ജില്ലയില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, വിഇഒ, ഹെല്‍ത്ത് ജീവനക്കാര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീമിന്റെ നേതൃത്വത്തിലാണ് പരിശോധന. ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലും പരിശോധന നടന്നു. 2503 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 196,073 കിലോഗ്രാം പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും 47650 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം സംസ്ഥാനത്ത് നിലവില്‍ വന്നതിന് ശേഷവും തുടര്‍ച്ചയായുള്ള നിര്‍ദേശങ്ങള്‍ അവഗണിച്ച് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത്തലത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തിയത്. തുടര്‍പരിശോധന നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം തടയാന്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഇത്തരത്തില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Leave a Reply