വാളയാർ : കഴിഞ്ഞ ദിവസം രാത്രി പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ 62 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത് മോഡലും ഇൻസ്റ്റഗ്രാം താരവും സൗത്ത് കേരള സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പുമായ യുവതിയാണെന്നു പൊലീസ്.
തൃശൂർ മുകുന്ദപുരം വള്ളിവട്ടം എടവഴിക്കൽ വീട്ടിൽ ഷമീനയാണ് (31) അറസ്റ്റിലായത്.
ഇവർക്കൊപ്പം സുഹൃത്ത് എടശ്ശേരി തളിക്കുളം അറക്കൽ വീട്ടിൽ മുഹമ്മദ് റയീസിനെയും (31) അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ റിസോർട്ട് കേന്ദ്രീകരിച്ചു മോഡലുകളും സമൂഹമാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാർട്ടിയിലേക്കാണ് ഇവർ എംഡിഎംഎ കൊണ്ടുപോയതെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഷമീന 2019ൽ തിരുവമ്പാടി, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ ഹണി ട്രാപ് കേസിലും പ്രതിയാണ്. മുഹമ്മദ് റയീസ് ഐടി പ്രഫഷനലാണ്. മാസങ്ങൾക്കു മുൻപാണ് ഇയാൾ ഗൾഫിലെ ജോലി ഉപേക്ഷിച്ചു തൃശൂരിലെത്തിയത്. ബെംഗളൂരുവിൽനിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നുമായി ഇവർ എത്തിയ ആഡംബര ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.