വെള്ളറട : സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മായം ചിമ്മിണിക്കാട്ട് വീട്ടിൽ സാബുവിനെയും(57) ഭാര്യ ലിജിമോളെയും(57)കാട്ടുപന്നി ആക്രമിച്ചു. അമ്പൂരി ചീനിക്കാലയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി ആയിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ഇരുവരും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാബുവിന്റെ കയ്യിലെയും തോളിലെയും എല്ലിന് 5 ഇടങ്ങളിൽ പൊട്ടൽ ഉണ്ട്. ഹൃദ്രോഗ ബാധിതനായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടില്ല. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ മുൻഭാഗം നശിച്ചു.അടുത്തിടെ പന്ത ഭാഗത്തും സമാന ആക്രമണം ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗശല്യം കൂടിയിട്ടുള്ളതിനാൽ ജീവൻ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ചുമട്ടുതൊഴിലാളി കോൺഗ്രസ് അമ്പൂരി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.