നൂപുർ ശർമ പ്രവാചകനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ പ്രതിഷേധം ശക്തം. നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധക്കാർ ബിജെപി നേതാവിന്റെ കോലം കത്തിച്ചു. എല്ലാ സംസ്ഥാനങ്ങളോടും ജാഗ്രത പാലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ പ്രാർത്ഥനയ്ക്ക് ശേഷം 300 ഓളം ആളുകൾ പുറത്തിറങ്ങി നൂപുർ ശർമ്മയുടെയും നവീൻ ജിൻഡാലിന്റെയും പ്രകോപനപരമായ പരാമർശങ്ങളിൽ പ്രതിഷേധിക്കാൻ തുടങ്ങി. പള്ളി അധികൃതർ അത്തരമൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം പറഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ, അടാല പ്രദേശത്ത് പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു. ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന പ്രതിഷേധവും അക്രമാസക്തമായി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ റാഞ്ചിയിൽ വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ ശനിയാഴ്ച രാവിലെ 6 വരെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരുന്നു. ഹൗറയിൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. തിങ്കളാഴ്ച രാവിലെ 6 മണി വരെ ഇന്റർനെറ്റ് നിരോധനം തുടരുമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.