ധർമ്മശാല: ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണം നിലനിർത്താമെന്ന ബി ജെ പിയുടെ മോഹങ്ങൾക്ക് പുതിയ പ്രതിസന്ധിയായി മാറുകയാണ് വിമത ശല്യം. ഹിമാചല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപിക്ക് വലിയ തലവേദനയായി വിമത ശല്യം മാറുന്നത്. മുൻ എം എൽ എമാരടക്കം ബി ജെ പി സ്ഥാനാർത്ഥികൾക്ക് ഭീഷണിയുയർത്തി സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരരംഗത്തെത്തിയതോടെ ബി ജെ പി സംഘടനാ നടപടിയിലേക്ക് കടന്നു. 5 വിമതരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബി ജെ പി നേതൃത്വം അറിയിച്ചു. ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം അവഗണിച്ച് സ്വതന്ത്രരായി മത്സരിക്കുന്ന 5 പേരെ പുറത്താക്കിയെന്നാണ് അറിയിപ്പ്. 6 വർഷത്തേക്കാണ് പുറത്താക്കിയത്. 4 മുൻ എം എൽ എമാരെയടക്കമാണ് ഇപ്പോൾ ബി ജെ പി പുറത്താക്കിയിരിക്കുന്നത്. പക്ഷേ ഇവർ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത് മണ്ഡലങ്ങളിൽ ബി ജെ പിക്ക് വലിയ വെല്ലുവിളി ഉയർത്തിയേക്കും.
ഭരണ വിരുദ്ധ വികാരമുണ്ടെന്ന വിലയിരുത്തലില്‍ നേരത്തെ പ്രചാരണം തുടങ്ങി കളത്തില്‍ സജീവമായ ബി ജെ പിക്ക് വിമത സ്ഥാനാർത്ഥികളുടെ ശല്യം കൂടിയായതോടെ വലിയ പ്രതിസന്ധിയാണുള്ളത്. പത്തിടങ്ങളിലാണ് ബി ജെ പിക്ക് കാര്യമായി വിമതർ ഭീഷണി ഉയർത്തുന്നത്. ഇതില്‍ മൂന്ന് മണ്ഡലങ്ങൾ മുഖ്യമന്ത്രി ജയറാം താക്കൂറിന്‍റെ ജില്ലയായ മണ്ടിയിലാണ്. മുന്‍മന്ത്രിയുടെ മകനടക്കം ടിക്കറ്റ് നിഷേധിക്കപ്പെട്ടവരാണ് മണ്ടിയില്‍ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാംഗ്ര ജില്ലയില്‍ അഞ്ചും കുളുവില്‍ മൂന്നും സീറ്റുകളില്‍ ബി ജെ പിക്ക് വിമത ഭീഷണിയുണ്ട്. അതിനിടെ കുളു സദറില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മുതിർന്ന നേതാവും മുന്‍ എം പിയുമായ മഹേശ്വർ സിംഗ് അവസാന നിമിഷം പത്രിക പിന്‍വലിച്ചത് ബി ജെ പിക്ക് ആശ്വാസമായി. പാർട്ടി അധ്യക്ഷന്‍ ജെ പി നദ്ദ നേരിട്ട് ചർച്ച നടത്തിയാണ് മഹേശ്വർ സിംഗിന്‍റെ പത്രിക പിന്‍വലിപ്പിച്ചത്. സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചവരെല്ലാം വിമതരല്ലെന്നും ചർച്ച തുടരുകയാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുരേഷ് കശ്യപും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കോൺഗ്രസിനും കാര്യമായ വിമത ഭീഷണിയുണ്ട്. പന്ത്രണ്ട് മണ്ഡലങ്ങളിലാണ് നിലവിൽ കോൺഗ്രസിന് വിമത ഭീഷണിയുള്ളത്. ഉനയില്‍നനിന്നും വിമതനായി മത്സരിക്കാനിരുന്ന മുന്‍ പി സി സി അധ്യക്ഷനും മന്ത്രിയുമായിരുന്ന കുല്‍ദീപ് കുമാർ പിന്‍വാങ്ങിയത് കോൺഗ്രസിന് ആശ്വാസമാണ്. ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കാന്‍ തയാറെടുത്ത ഭൂരിഭാഗം പേരുടെയും പത്രിക പിന്‍വലിപ്പിച്ചെന്നും കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്. രാജ്യസഭാ എംപി രാജീവ് ശുക്ലയ്ക്കാണ് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല. ഷിംലയില്‍ ദിവസങ്ങളായി ക്യാംപ് ചെയ്യുന്ന രാജീവ് ശുക്ല വിമതരുമായി ചർച്ചകൾ തുടരുകയാണ്.