ജറുസലം : ഇസ്രയേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രണത്തിന് ഇറാന്റെ സഹായം ലഭിച്ചെന്ന വെളിപ്പെടുത്തലുമായി പലസ്തീനിലെ സായുധ പ്രസ്ഥാനമായ ഹമാസ് രംഗത്ത്. ഇറാൻ നൽകിയ സഹായത്തെക്കുറിച്ച് ഹമാസ് വക്താവ് ഗാസി ഹമദ് ആണ് ബിബിസിയോടു വെളിപ്പെടുത്തിയത്. ടെഹ്‌റാനിൽനിന്ന് സഹായം ലഭിച്ചെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തിന് ഇറാൻ പ്രതിനിധി ഹമാസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെ ഇസ്രയേലിന്റെ അതിർത്തിക്കുള്ളിൽ കടന്നാണ് ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചത്. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തിൽ ഇറാൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായാണ് ഇറാൻ പ്രഖ്യാപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേശകനാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. പലസ്‌തീന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നതുവരെ പലസ്‌തീൻ പോരാളികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഇറാന്റെ നിലപാട്.
അതിനിടെ, ഹമാസിന്റേത് ഭീകരാക്രമാണമെന്നും ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. എല്ലാവിധ പിന്തുണയും ഇസ്രയേലിനു നൽകുമെന്നും ബൈഡൻ വ്യക്തമാക്കി. സൈനിക സഹകരണവും ബൈഡൻ വാഗ്ദാനം ചെയ്തു.ജോ ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേലും യുഎസും സൈനിക സഹകരണത്തിനുള്ള ചർച്ചകളും ആരംഭിച്ചു.
തെക്കൻ ഇസ്രയേലിൽ ഇന്നലെ രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു കനത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തിറങ്ങിയതോടെ ഗാസ മുനമ്പ് യുദ്ധക്കളമായി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ 230ൽ അധികം പലസ്‌തീൻകാർ കൊല്ലപ്പെട്ടു. അതേസമയം, ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇരു ഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറോളമായി. ഇരു ഭാഗത്തുമായി 2,500ൽ അധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഒട്ടേറെ ഇസ്രയേൽ പൗരന്മാരെയും സൈനികരെയും പലസ്തീൻ സായുധപ്രസ്ഥാനമായ ഹമാസ് ബന്ദികളാക്കി.
സ്ഥിതി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഇന്ന് ചേരും. ഗാസയെ ഉന്നമിട്ടുള്ള ആക്രമണം കടുപ്പിക്കുന്നതിനു മുന്നോടിയായി, പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ജനങ്ങൾക്കു മുന്നറിയിപ്പു നൽകി.