
പോളണ്ട് ഇറാന് സംഭാവനയായി നല്‍കിയ10 ലക്ഷത്തിലേറെ ഡോസ് ബ്രിട്ടീഷ് -സ്വീഡിഷ് നിര്‍മിത ആസ്ട്രസെനക വാക്‌സിനുകള്‍ ഇറാന്‍ തിരിച്ചയച്ചു. ഇവ ഇറാനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് 8.2 ലക്ഷം ഡോസുകള്‍ അമേരിക്കന്‍ നിര്‍മിതമാണെന്ന് മനസ്സിലായത്. തുടര്‍ന്നാണ് ഇവ പോളണ്ടിനു തന്നെ തിരിച്ചയച്ചത്. അമേരിക്കയിലും ബ്രിട്ടനിലും നിര്‍മിച്ച വാക്‌സിനുകള്‍ ഒരു കാരണവശാലും ഉപയോഗിക്കില്ല എന്നതാണ് ഇറാന്റെ തീരുമാനം. പോളണ്ടില്‍നിന്നും ഉറപ്പുകള്‍ ഉണ്ടായെങ്കിലും കിട്ടിയ വാക്‌സിന്‍ ഡോസുകളില്‍ ചിലത് ‘അനധികൃത ഉറവിട’ത്തില്‍നിന്നുള്ളതായിരുന്നുവെന്ന് ആരോഗ്യ മന്ത്രി ബഹ്‌റം അയിനുല്ലാഹി കസറ്റംസ് അതോറിറ്റിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ അയച്ച വാക്‌സിനുകള്‍ തിരികെ വാങ്ങി പകരമായി ഇറാന്‍ അംഗീകരിക്കുന്ന തരം വാക്‌സിനുകള്‍ എത്തിക്കാമെന്ന് പോളിഷ് അധികൃതര്‍ അറിയിച്ചതായും കത്തില്‍ പറയുന്നു. അമേരിക്കന്‍, ബ്രിട്ടീഷ് വാക്‌സിനുകള്‍ ഒരു കാരണവശാലും രാജ്യത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് ഇറാന്‍ പരമാധികാര നേതാവ് ആയത്തുല്ലാ അലി ഹസ്സന്‍ ഖാംനഈ 2020-ല്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു.