Spread the love

ഇരയിമ്മന്‍ തമ്പി ഓർമ്മദിനം


തലമുറകളുടെ ശൈശവനിഷ്കളങ്കതയെ തഴുകിയുറക്കിയ ഓമനത്തിങ്കള്‍ കിടാവോ എന്ന താരാട്ടിന്‍റെ സ്രഷ്ടാവ് ഇരയിമ്മന്‍ തമ്പിയുടെ 161 -ാം ചരമവാര്‍ഷികമാണ് ഇന്ന്. ചരിത്രത്തോടുള്ള നീതികേട് എന്ന പോലെ, ആരുമറിയാതെ കടന്നു പോകാറുള്ള ഒരുപാടു ദിനങ്ങളില്‍ ഒന്ന്. ഇന്നു നമ്മൾ കൺതുറന്നു കാണേണ്ടത് അദ്ദേഹത്തിന്റെ ഓർമകളുള്ള ഏകസ്മാരകത്തിന്റെ പരിതാപകരമായ അവസ്ഥയാണ്. ചേര്‍ത്തല വാരനാട് നടുവിലേല്‍ കോവിലകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.

ചേര്‍ത്തല വാരനാട് നടുവിലേൽ കോവിലകത്ത് കേരളവർമ്മ തമ്പാന്റെയും തിരുവനന്തപുരത്ത് കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീടെന്ന രാജകുടുംബത്തിലെ പാർവതിപ്പിള്ള തങ്കച്ചിയുടേയും മകനായി 1782 ഒക്ടോബര്‍ പന്ത്രണ്ടിനാണ് ഇരയിമ്മന്‍ തമ്പിയുടെ ജനനം. അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് കാർത്തിക തിരുനാൾ രാമവർമയുടെ സഹോദരൻ മകയിരം തിരുനാൾ രവിവർമയുടെ മകളായിരുന്നു പാർവതിപ്പിള്ള തങ്കച്ചി. കാർത്തിക തിരുനാളാണ് രവിവർമയെ ഇരയിമ്മൻ എന്ന ഓമനപ്പേരിട്ടു വിളിച്ചു തുടങ്ങിയത്. ബാല്യത്തില്‍ പിതാവില്‍നിന്നും പിന്നെ മൂത്താട്ട് ശങ്കരന്‍ ഇളയതില്‍നിന്നും ഭാഷയിലും സംസ്കൃതത്തിലും പ്രാവീണ്യം നേടി. പതിനാലാമത്തെ വയസ്സില്‍ ഒരു ശ്ലോകം രചിച്ച് കാര്‍ത്തിക തിരുനാള്‍ മഹാരാജാവിനു സമര്‍പ്പിച്ച ഇരയിമ്മനോട്, കൂടുതല്‍ പഠിച്ചിട്ടു വേണം കവിതയെഴുതാന്‍ എന്നു പറഞ്ഞ് മഹാരാജാവ് കൊട്ടാരത്തിലേക്കു കൂട്ടി. തുടര്‍ന്നങ്ങോട്ട്‌ കേരളചരിത്രത്തിന്റെ ഭാഗമായ തമ്പിയുടെ സാഹിത്യ-സംഗീത ജീവിതത്തിന്റെ വളര്‍ച്ചയ്ക്ക് അനന്തപുരിയിലെ രാജകൊട്ടാരം സാക്ഷിയാവുകയായിരുന്നു.

ധര്‍മരാജാവിന്റെ കാലത്തു തന്നെ ഇരയിമ്മന് കൊട്ടാരത്തില്‍നിന്ന് എല്ലാ സൗകര്യങ്ങളും അടുത്തൂണ്‍ പതിച്ച് കിട്ടിയിരുന്നു. എഴുത്തിലും സംഗീതത്തിലും പ്രഗത്ഭനായ അദ്ദേഹം കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന എന്തും തന്റെ സൃഷ്ടികള്‍ക്കു വിഷയമാക്കി. ആട്ടക്കഥകളും കൊട്ടാരവര്‍ണ്ണനകളും എഴുതി. തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ ഭാഗമായ ചരിത്രസംഭവങ്ങളുടെയെല്ലാം ഒരു തെളിവു കൂടിയാണ് അദ്ദേഹത്തിന്‍റെ കൃതികള്‍. 1003 ലെ സ്വാതി തിരുനാളിന്റെ കുലശേഖരമണ്ഡപ നവീകരണം, മുറജപം, രഥത്തിലെഴുന്നള്ളത്ത്, രാജകുമാരന്മാരുടെ ജനനം, വിദേശ പ്രതിനിധികളുടെ സന്ദര്‍ശനം എന്നുവേണ്ട, രാജകൊട്ടാരവുമായി ബന്ധപ്പെട്ട സംഭവങ്ങളെല്ലാം അദ്ദേഹത്തിന്‍റെ കൃതികളിലുണ്ട്. ‌

കൊട്ടാരത്തിലെ സ്ത്രീകള്‍ക്കു വേണ്ടിയാണ് പ്രശസ്തമായ ‘വീര വിരാട കുമാരവിഭോ’ എന്ന കുമ്മി എഴുതിയത്. റാണി ഗൗരി ലക്ഷ്മി ഭായിയുടെ ആവശ്യപ്രകാരമായിരുന്നു കുഞ്ഞായിരുന്ന സ്വാതിതിരുനാളിനെ ഉറക്കാനായി ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന താരാട്ട് എഴുതി ഈണം നല്‍കിയത്. വളര്‍ന്നപ്പോഴും സ്വാതി തിരുനാളിന് സൗഹാര്‍ദ്ദപരമായ സ്നേഹബന്ധമാണ് അദ്ദേഹത്തോടുണ്ടായിരുന്നത്. സ്വാതിതിരുനാള്‍ അദ്ദേഹത്തെ സ്നേഹ ബഹുമാനങ്ങളോടെ തമ്പി അമ്മാവന്‍ എന്നാണു സംബോധന ചെയ്തിരുന്നത്.

അവര്‍ തമ്മില്‍ രസകരമായ പല മത്സരങ്ങളും നടത്തിയിരുന്നു. അത്തരത്തില്‍ ശൃംഗാര രസത്തെ ആസ്പദമാക്കി സ്വാതിതിരുനാള്‍ എഴുതിയ ‘പഞ്ചബാണന്‍ തന്നുടയ’ എന്ന കൃതിക്കു പകരമായി ഇരയിമ്മന്‍ തമ്പി എഴുതിയതാണ് ‘പ്രാണനാഥൻ എനിക്കു നല്‍കിയ’ എന്ന പദം. രതിയില്‍ സ്ത്രീക്കു സര്‍വ സ്വാതന്ത്ര്യങ്ങളും നല്‍കിക്കൊണ്ടുള്ള ഈ കൃതിയിലെ ശൃംഗാരവര്‍ണ്ണന തലമുറകളെ ത്രസിപ്പിച്ചിരുന്നു. ഇത്തരം മത്സരസ്വഭാവം എഴുത്തില്‍ രാജാവും തമ്പിയും തമ്മിലുണ്ടായത് തമ്പിക്ക് കൂടുതല്‍ നന്നായി കവിതകള്‍ രചിക്കാന്‍ പ്രചോദനമായി.

23 സംസ്‌കൃത കൃതികളും അഞ്ച് മലയാളകൃതികളും അഞ്ച് വര്‍ണങ്ങളും 22 പദങ്ങളും രചിച്ച ഇരയിമ്മന്‍ തമ്പിയുടെ കൃതികളില്‍ ശൃംഗാരവും ഭക്തിയുമാണ് നിറഞ്ഞുനിന്നിരുന്നത്. രസങ്ങളെയും ഭാവങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് തമ്പി രചനകള്‍ നടത്തിയിരുന്നത്. രോഗക്കിടക്കയില്‍ അദ്ദേഹം പറഞ്ഞെഴുതിച്ചതാണ് ഗുരുവായൂരപ്പനോടുള്ള പ്രാര്‍ഥനയായ, ശ്രീരാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘കരുണ ചെയ്‌വാനെന്തൂ’ എന്ന കൃതി. ത്യാഗരാജ സ്വാമികളുടെ ഇഷ്ടകീര്‍ത്തനമായിരുന്നു ഇത്. ഒറ്റ ശ്ലോകങ്ങള്‍, കൃതികള്‍, മലയാള പദങ്ങള്‍, വര്‍ണങ്ങള്‍, മുറജപപ്പാന, സുഭദ്രാഹരണം, നവരാത്രി പ്രബന്ധം, ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകള്‍, രാസക്രീഡവാസിഷ്ഠം കിളിപ്പാട്ടുകള്‍, അംബഗൗരിയെന്നാരംഭിക്കുന്ന വര്‍ണം, തോഡി രാഗത്തിലുള്ള ‘പരദേവതേ…..’ കാംബോജി രാഗത്തിലുള്ള ‘കമലാദികളാം’ സാവേരി രാഗത്തിലുള്ള ‘പാഹിമാം ഗിരിതനയേ’, മുഖാരിരാഗത്തിലുള്ള ‘അടിമലരിണതന്നെ’, സുരുട്ടി രാഗത്തില്‍ ‘നീല വര്‍ണ പാഹിമാം’ എന്നീ കൃതികള്‍ എക്കാലവും പ്രചുരപ്രചാരം നേടിയവയായിരുന്നു.

irayimanthambi-3
രാജകുടുംബാംഗമായിരുന്നെങ്കിലും കഷ്ടസ്ഥിതിയിലായിരുന്ന കേരള വര്‍മ്മയുടെ (ഇരയിമ്മന്റെ പിതാവ്) ദുരവസ്ഥ വാരനാട് ക്ഷേത്രത്തില്‍ ദേവീ ദര്‍ശനത്തിനെത്തിയ ഉത്രം തിരുനാള്‍ മഹാരാജാവ് കാണുന്നതോടെയാണ് നടുവിലേ കൊട്ടാരത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അദ്ദേഹത്തിന് ക്ഷേത്രത്തിനോടു ചേര്‍ന്ന സ്ഥലത്ത് ഒരു പതിനാറുകെട്ടു നിര്‍മിച്ചു കൊടുക്കാന്‍ തമ്പുരാന്‍ ഉത്തരവിട്ടു‌. എന്നാല്‍ എട്ടുകെട്ട് മതി എന്നു പറഞ്ഞ് പണി അവിടെ നിര്‍ത്തുകയായിരുന്നു. പതിനാലു വയസ്സ് വരെ മാത്രമേ ഇരയിമ്മന്‍ തമ്പി വാരനാട് നടുവിലേല്‍ എന്ന ഈ കൊട്ടാരത്തില്‍ കഴിഞ്ഞുള്ളൂ. അതിനുശേഷം അദ്ദേഹം അനന്തപുരിയിലേക്കു പോകുകയായിരുന്നു. 1856 ജൂലൈ ഇരുപത്തൊമ്പതിന്, എഴുപത്തിനാലാം വയസ്സില്‍ ഇരയിമ്മന്‍ തമ്പി അന്തരിച്ചു.

Leave a Reply