താന്‍ ടൈം ട്രാവല്‍ നടത്തിയെന്നും ഡിസംബറിലെ രണ്ട് ദിവസങ്ങള്‍ അത്യന്തം ശ്രദ്ധിക്കേണ്ടതാണ് എന്നുമൊക്കെ വിചിത്രവാദവുമായി ഒരാൾ. ടിക്ടോക്കി(TikTok) -ലെ ഈ സ്വയം പ്രഖ്യാപിത ‘ടൈം-ട്രാവലർ’ പറയുന്നത് അനുസരിച്ച്, വരാനിരിക്കുന്ന ചില തീയതികൾ, നമ്മൾ ജീവിക്കുന്ന ലോകത്തെ തന്നെ മാറ്റിമറിക്കുമത്രെ. ഈ TikTok ഉപയോക്താവിന്റെ ഏറ്റവും പുതിയ പോസ്റ്റിൽ 2021 ഡിസംബറിൽ രണ്ട് പ്രധാന തീയതികൾ ഓർമ്മിക്കണമെന്ന് തന്‍റെ 1.2 മില്ല്യണ്‍ ഫോളോവേഴ്‌സിനോട് അഭ്യർത്ഥിക്കുന്നു.
ഡിസംബർ 20, ഡിസംബർ 25 എന്നീ തീയതികളാണ് സൂക്ഷിക്കേണ്ടത് എന്നാണ് ഇയാൾ പറയുന്നത്. ‘ഡിസംബർ 20 -അന്ന് എട്ട് മനുഷ്യർക്ക് സൂര്യന്റെ ഊർജ്ജ തരംഗങ്ങളിൽ നിന്ന് സൂപ്പർ പവർ ലഭിക്കും. ഡിസംബർ 25 (ക്രിസ്മസ് ദിനം) – ലോകത്തെ ഞെട്ടിക്കുന്ന, മനുഷ്യരുടെ ജീവിതരീതിയെ മാറ്റിമറിക്കുന്ന എന്തെങ്കിലും വലിയ കാര്യം ഈ ദിവസം സംഭവിക്കും.’ എന്നാണു പോസ്റ്റ്. താനൊരു യഥാര്‍ത്ഥ ടൈം ട്രാവലറാണ് എന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. 2027 -ഓടെ, സ്വീഡൻ, നോർവേ, യുണൈറ്റഡ് കിംഗ്ഡം, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ‘ഒരുമിച്ച് ഒരു വലിയ ശക്തികേന്ദ്രം സൃഷ്ടിക്കും’ എന്നും ഇയാൾ കൂട്ടിച്ചേർത്തു. ടിക്‌ടോക്കർ പറയുന്നത് ‘ഈ വലിയ ശക്തികേന്ദ്രം’ അതില്‍ ചേരാൻ ചെറിയ രാജ്യങ്ങളെ പ്രചോദിപ്പിക്കും എന്നാണ്.
2024 -ൽ 35,000 വർഷം പഴക്കമുള്ള ഒരു ബങ്കർ കണ്ടെത്താൻ കഴിയുമെന്നും, അർജന്റീനയിൽ സ്ഥിതി ചെയ്യുന്ന ഈ ബങ്കറിനകത്ത് നിരവധി രഹസ്യങ്ങളുണ്ടാവും എന്നും അതിൽ പുരാതന കാലത്തെ കുറിച്ചും, സാങ്കേതികവിദ്യകളെ കുറിച്ചും മറഞ്ഞിരിക്കുന്ന ചില കോഡുകൾ എന്നിവയും ഉൾപ്പെടുന്നു എന്നും ഇയാൾ അവകാശപ്പെടുന്നു.