Spread the love

ദിവസവും ബ്ലാക്ക് ഫംഗസ് രോഗികൾ കൂടി വരുന്ന ഈ സമയത്ത് ഒരുപാടുപേരിൽ ഉണ്ടാകുന്ന ഒരു സംശയം ആണിത്. നനഞ്ഞ വസ്ത്രങ്ങളിൽ പിടിപെടുന്ന കരിമ്പൻ അവർക്ക് ബ്ലാക് ഫംഗസ് രോഗമുണ്ടാക്കുമോ എന്ന ഭയവും ഒരുപാടുപേരിൽ ഉണ്ട്. സോഷ്യൽ മീഡിയ വഴി അത്തരത്തിൽ ചില പ്രചരണങ്ങളുമുണ്ട്.

എന്നാൽ അറിയുക. വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പൻ എന്നത് ആസ്‌പർജില്ലസ് വിഭാഗത്തിൽ ഉള്ള ഒരിനം ഫംഗസുകളാണ്. ഇവയ്ക്ക് ബ്ലാക്ക് ഫംഗസ് രോഗം ഉണ്ടാക്കുന്ന മുക്കോർ മൈക്കോസ് പൂപ്പലുമായി നേരിട്ട് ബന്ധമില്ല. ദീർഘനേരം നനവ് നിൽക്കുന്ന കോട്ടൺ വസ്ത്രങ്ങളിൽ ഇവ വളരെ പെട്ടെന്ന് വളരുന്നു.

പൊതുവെ ഒരു കറുപ്പ് നിറമാണ് കാഴ്ചയ്ക്ക് ഇവയ്ക്കുള്ളതെങ്കിലും മൈക്രോസ്കോപ്പിൽ സൂഷ്മമായി പരിശോധിച്ചാൽ ഇവയ്ക്ക് ഇരുണ്ട പച്ചനിറമാണെന്ന് മനസ്സിലാകും. വസ്ത്രങ്ങളിലോ നനവുള്ള തടിയിലോ ഇതിന്റെ സാന്നിധ്യം കണ്ടേയ്ക്കാം. സാധാരണ ഇത് മനുഷ്യരിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല എങ്കിലും വളരെ സെൻസിറ്റീവ് ആയ ചർമ്മം ഉള്ളവരിൽ ചെറിയ അസ്വസ്ഥതയോ ചൊറിച്ചിലോ ഉണ്ടാക്കിയേക്കാം.

മുക്കോർ മൈക്കോസ് പൂപ്പലുകൾ ഉണ്ടാക്കുന്ന രോഗത്തെ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കാൻ കാരണം അവയ്ക്ക് കറുപ്പ് നിറമായതു കൊണ്ടല്ല മറിച്ച് ബ്ലാക്ക് ഫംഗസ് രോഗം ബാധിക്കുന്ന ശരീര കോശങ്ങൾ കറുപ്പ് നിറമായി മാറുന്നത് കൊണ്ടാണ്. പലർക്കും ഈ സത്യം അറിയാത്തത് കൊണ്ട് വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പനിൽ നിന്നും ബ്ലാക്ക് ഫംഗസ് രോഗമുണ്ടാകും എന്ന് വല്ലാതെ ഭയപ്പെടുന്നു.

Dr Rajesh Kumar

Leave a Reply