അമിതമായ മുടികൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ? മുടികൊഴിച്ചില്‍ ഉണ്ടാകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. മുടി കൊഴിച്ചിലിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം തേടുകയാണ് ചെയ്യേണ്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി വൈദ്യസഹായം തേടാനും വൈകിക്കരുത്.
പല കാരണങ്ങൾ
ഇപ്പോൾ മുടികൊഴിച്ചിലിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇന്നത്തെ കാലത്തെ ജീവിതശൈലി, മത്സരബുദ്ധിയോടെയുള്ള ജീവിതം, ഹോർമോൺ തകരാറുകൾ എന്നിവയെല്ലാം ഇതിന് കാരണമാകും. പല രീതിയിൽ ഇന്ന് ആളുകളെ ബാധിക്കുന്ന മാനസിക സമ്മർദവും മുടി കൊഴിയുന്നതിലേക്ക് നയിച്ചേക്കാം. പാരമ്പര്യം ഒന്നുകൊണ്ട് മാത്രം മുടി കൊഴിയണമെന്നില്ല.
മുടികൊഴിച്ചിൽ എന്നാൽ തലയോട്ടിയുടെ പുറത്തുണ്ടാകുന്ന പ്രശ്നമല്ലെന്ന് മനസ്സിലാക്കണം. ഈ പ്രശ്നം മനസ്സിലാക്കാതെ സൂപ്പർ ഫിഷ്യൽ ലെവലിൽ മാത്രം ചികിത്സിക്കുന്നതുകൊണ്ട് കാര്യമില്ല. മറിച്ച്, എന്താണ് മുടി കൊഴിച്ചിലിന് കാരണമാകുന്നതെന്ന് തിരിച്ചറിയണം. പോഷകാഹാരക്കുറവ് മുതൽ തൈറോയ്ഡ്, പിസിഒഡി വരെ ഇതിന് കാരണമാകാം.
ഡയറ്റിൽ ശ്രദ്ധവേണം
നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള വൈറ്റമിൻസ്, മിനറൽസ്, പ്രോട്ടീൻ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ചില ആളുകൾ തടി കുറയ്ക്കാൻ വേണ്ടി ഭക്ഷണം തീരെ ഒഴിവാക്കും. നമ്മുടെ ശരീരത്തിന് ആവശ്യമായ കലോറി ലഭിക്കേണ്ടതുണ്ട്. തടി കുറയ്ക്കണമെന്ന ലക്ഷ്യത്തോടെ ശരീരത്തിനാവശ്യമുള്ള പോഷകാഹാരം തീരെ നൽകാതെ ഇരിക്കരുത്. തടി കുറയ്ക്കുമ്പോൾ ഒരു വിദഗ്ധന്റെ സഹായത്തോടെ ശരിയായ രീതിയിലുള്ള ഡയറ്റ് പ്ലാൻ ഉണ്ടായിരിക്കണം.
എണ്ണ മുടികൊഴിച്ചിൽ കുറയ്ക്കുമോ?
എണ്ണ തേച്ചു കഴിഞ്ഞാൽ മുടികൊഴിച്ചിൽ മാറില്ല. എന്താണ് പ്രശ്നമെന്ന് കണ്ടുപിടിക്കുകയാണ് വേണ്ടത്. കുറെ ലൂബ്രിക്കേഷൻ ഇട്ടുകഴിഞ്ഞാൽ അത് പിന്നെയും മുടി ഊരി പോരാനുള്ള സാധ്യതകൾ വർധിപ്പിക്കും. കെരാട്ടിൻ, സ്മൂത്തനിങ്ങ് പോലെ കെമിക്കൽസ് ഉപയോഗിച്ചുള്ള ട്രീറ്റ്മെൻറ്സ് മുടികൊഴിച്ചിലുള്ള സമയത്ത് ചെയ്യാതെ നോക്കാം.
അധികം ആളുകളും തലയിൽ വെള്ള കാണുന്നതൊക്കെ താരൻ ആണെന്നും തെറ്റിദ്ധരിക്കാറുണ്ട്. തുടർന്ന് അവർ പല തരത്തിലുള്ള ഷാംപൂ ഉപയോഗിക്കുകയും ചെയ്യും. ഒരു ഡോക്ടറുടെ നിർദേശമില്ലാതെ തുടർച്ചയായി ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും.
ഇവ ശ്രദ്ധിക്കാം
1. വേണം പ്രോട്ടീൻ മുൻഗണന
കരാറ്റിൻ ആണ് നമ്മുടെ മുടിയുടെ പ്രധാന ഘടകം. ഇത് ഒരു പ്രോട്ടീനാണ്. അതിനാൽ, മുടിയുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് മുട്ട, പയർവർഗങ്ങൾ, പാൽ, നട്സ്, സോയ തുടങ്ങിയ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ സ്രോതസ്സുകൾ കഴിക്കാം. ഇവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
2. അയേൺ, വിറ്റാമിൻ ഡി
നമ്മുടെ ശരീരത്തിൽ അയേണിന്റെയും വിറ്റാമിൻ ഡിയുടെയും അളവ് കുറയുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. അതിനാൽ, ഇലക്കറികൾ, ബീറ്റ്റൂട്ട്, ഈന്തപ്പഴം, പോഷകങ്ങൾ ചേർത്ത ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആവശ്യമെങ്കിൽ മാത്രം സപ്ലിമെന്റുകൾ കഴിക്കുന്നതും പരിഗണിക്കാം.
3. ഒമേഗ-3 ചേർക്കാം
ഒമേഗ-3 ശരീരത്തിലെ വീക്കം കുറയ്ക്കുകയും രോമകൂപങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇതിനായി, ചണവിത്ത്, വാൾനട്ട്, സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
4. കുടലിന്റെ ആരോഗ്യം പ്രധാനം
ആവശ്യത്തിന് വെള്ളം കുടിക്കുകയും കുടലിന്റെ ആരോഗ്യം നിലനിർത്താൻ തൈര് പോലുള്ള പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യുക. ഇത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
5. ചൂടും രാസവസ്തുക്കളേയും ശ്രദ്ധിക്കുക
അമിതമായ ഹീറ്റ് സ്റ്റൈലിംഗ്, റീബോണ്ടിംഗ്, ഇടയ്ക്കിടെയുള്ള കളറിംഗ് പോലുള്ള ട്രീറ്റ്‌മെന്റുകൾ പരമാവധി കുറയ്ക്കുക. സൾഫേറ്റ് രഹിതമായ ഷാംപൂ തിരഞ്ഞെടുക്കാം. ചൂടുവെള്ളത്തിൽ മുടി കഴുകുന്നത് ഒഴിവാക്കുക.
6. മാനസിക സമ്മർദ്ദം
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ധാരാളം മുടിയിഴകൾ കൊഴിയുന്ന ഘട്ടത്തിലേക്ക് പോലും ഈ സമ്മർദം നമ്മളെ എത്തിച്ചേക്കാം. യോഗ, ചിട്ടയായ വ്യായാമം, ജേണലിംഗ് പോലുള്ള കാര്യങ്ങൾ പരിശീലിക്കുക. അല്ലെങ്കിൽ ദിവസവും 30 മിനിറ്റ് മൊബൈൽ പോലുള്ള ഉപകരണങ്ങൾ മാറ്റിവെച്ച് ശാന്തമായി സമയം ചെലവഴിക്കുക.
7. തലയോട്ടി മസാജ് ചെയ്യുക
റോസ്മേരി അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള എണ്ണകൾ ഉപയോഗിച്ച് ആഴ്ചയിൽ ഒരിക്കൽ തലയോട്ടി മസാജ് ചെയ്യുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു.










