നമ്മുടെ ദിനചര്യകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുളിക്കുക എന്നത്. ദിവസേന ഒരു തവണ മാത്രം കുളിക്കുന്നവും രണ്ട് തവണ കുളിക്കുന്നവരും അതില്‍ കൂടുതല്‍ തവണ കുളിക്കുന്നവരുമുണ്ടാകും. എന്നാല്‍ എപ്പോഴാണ് കുളിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്ന് അറിയാമോ? ചില പ്രത്യേക സമയങ്ങളില്‍ കുളിക്കുന്നത് മുഖക്കുരു, ചര്‍മ്മത്തില്‍ അസ്വസ്ഥത, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമായേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.
എപ്പോള്‍ കുളിക്കണമെന്നത് ഓരോരുത്തരുടെയും താല്‍പര്യങ്ങളും ഇഷ്ടങ്ങളും അനുസരിച്ചാകാം. ദിവസവും രണ്ട് നേരവും കുളിക്കുന്നതാണ് ഏറ്റവും ഉചിതം. എന്നാല്‍ രാവിലെ മാത്രം കുളിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മികച്ച ആരോഗ്യത്തിന് നിര്‍ബന്ധമായും വൈകീട്ട് കുളിച്ചിരിക്കണമെന്നും ഇവർ പറയുന്നു. രാവിലെ കുളിക്കുന്നത് നിങ്ങളെ ഉന്മേഷത്തോടെയും ഊര്‍ജ്ജത്തോടെയുമിരിക്കാന്‍ നിങ്ങളെ സഹായിക്കും. എന്നാല്‍ വൈകീട്ട് കുളിക്കുന്നതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് പ്രസ്‌ക്രിപ്ഷന്‍ ഡോക്ടറിലെ മെഡിക്കല്‍ അഡ്‌വൈസര്‍ ഡോ. അരഗോണ ഗ്യൂസെപ്പെ പറയുന്നു.
പകല്‍ സമയത്ത്, നിങ്ങളുടെ ശരീരത്തിലും മുടിയിലുമെല്ലാം വായുവിലുള്ള പൊടികളും അണുക്കളും ഉള്‍പ്പടെ പറ്റിപ്പിടിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല വിയര്‍പ്പിലൂടെയും ഈ അണുക്കള്‍ ദേഹത്ത് ശേഖരിക്കപ്പെടാം. നിങ്ങള്‍ ഒരുദിവസം കുളിക്കാതെയാണ് ഉറങ്ങാന്‍ കിടക്കുന്നതെങ്കില്‍ ഈ അണുക്കളും പൊടികളുമെല്ലാം നിങ്ങളുടെ കിടക്കയിലേക്കും പുതപ്പിലേക്കുമൊക്കെ വ്യാപിക്കും. ഇത് അലര്‍ജി, ചൊറിച്ചില്‍, വരണ്ട ചര്‍മ്മം, മുഖക്കുരു തുടങ്ങിയ ആരോഗ്യ-ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഡോ. അരഗോണ ഒരു യുകെ മാഗസിനിലെ ലേഖനത്തില്‍ വിശദീകരിക്കുന്നു.
വൈകീട്ട് കുളിക്കുന്നത് നിങ്ങളുടെ ഉറക്കത്തിന് ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവരില്‍, രാത്രിയില്‍ കുളിക്കുന്നത് ചര്‍മ്മം ഹൈഡ്രേറ്റായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. മാത്രമല്ല ചെറുചൂടുവെള്ളത്തില്‍ രാത്രിയില്‍ കുളിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകരമാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.