‘അന്യൻ’ ആകാൻ രൺവീർ സിംഗ്; നായികയാവാൻ കിയാര അദ്വാനി
ചിയാൻ വിക്രമിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം അന്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുമ്പോൾ
വിക്രം ചെയ്ത റോളുകളിൽ എത്തുക രൺവീർ സിംഗ് എന്ന് ഉറപ്പായി. ശങ്കർ തന്നെയായിരിക്കും
ചിത്രം സംവിധാനം ചെയ്യുക. ശങ്കറുമായി ചർച്ചകൾ നടത്തുന്ന ചിത്രം താരം തന്നെയാണ് പങ്കുവച്ചത്.
പേരുൾപ്പെടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
2005ൽ ആണ് അന്യൻ റിലീസ് ചെയ്തത്. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ്
വിക്രം അവതരിപ്പിച്ചത്. വിക്രമിന്‍റെ പ്രകടനം ഏറെ കയ്യടി നേടുകയും ചെയ്തു. ഇത്തരത്തിൽ മൂന്ന്
കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം ത്രില്ലിങ് ആയാണ് രൺവീർ കരുതുന്നതെന്ന് താരവുമായി
അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ചിത്രത്തിലെ നായികാ കഥാപാത്രം നന്ദിനിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. സദ അവതരിപ്പിച്ച കഥാപാത്രം
ആരായിരിക്കുക ചെയ്യുക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. കിയാരാ അദ്വാനി ആയിരിക്കും
നന്ദിനിയായി എത്തുക എന്നാണ് റിപ്പോർട്ടുകൾ. ധോണി, കബീർ സിംഗ്, ലസ്റ്റ് സ്റ്റോറീസ് തുടങ്ങിയ
ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് കിയാര.
എട്ട് ഫിലിംഫെയർ പുരസ്കാരങ്ങളും ആറ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്പെഷ്യൽ ഇഫക്ട്സിനുള്ള
ദേശീയ ചലച്ചിത്ര പുരസ്കാരവും അന്യന് ലഭിച്ചിരുന്നു. തെന്നിന്ത്യയിൽ അക്കാലത്ത് പുറത്തിറങ്ങിയ
ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായിരുന്നുഅന്യൻ. കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു.
നാല് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്തു. അതുകൊണ്ട് തന്നെ
മൊഴിമാറ്റത്തിൽ നിന്നും റീമേക്കിൽ എത്തുമ്പോൾ എന്തൊക്കെ വ്യത്യാസമാവും ഉണ്ടാവുക എന്ന് കാത്തിരുന്നു കാണാം.