Spread the love

മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാൻ മലയാള ചിത്രങ്ങൾ കുറയ്ക്കുന്നതിന്റെ കാരണം കണ്ടെത്തി ആരാധകർ. പ്രശസ്ത സിനിമാ നിരൂപകനായ ഭരദ്വാജ് രംഗനുമായി ദുൽഖർ നടത്തിയ അഭിമുഖത്തിൽ മലയാള സിനിമകളെക്കുറിച്ചും അന്യഭാഷാ സിനിമകളെക്കുറിച്ചും പറയുന്ന ഏതാനും ചില ഭാഗങ്ങളാണ് ആരാധകർ ഷെയർ ചെയ്തു വൈറലാക്കുന്നത്. തനിക്ക് പിന്നാലെ നടന്ന് വേട്ടയാടുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടെന്നും തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്യുമ്പോൾ അവർ അവിടെയും വന്നു ശല്യം ചെയ്യാറുണ്ടെന്നും ദുൽഖർ ഈ വിഡിയോയിൽ പറയുന്നുണ്ട്. കുടുംബത്തിന്റെ പേരും പെരുമയും ഉപയോഗിച്ച് എല്ലാകാലത്തും പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും മമ്മൂട്ടിയുടെ മകൻ എന്ന വിശേഷണം മറ്റു ഭാഷകളിൽ ഇല്ലാത്തതിനാലാണ് മലയാളം ഒഴിവാക്കി അത്തരം സിനിമകൾ കൂടുതൽ ചെയ്യുന്നതെന്നും താരം പറഞ്ഞു.

‘മമ്മൂട്ടിയുടെ മകൻ ആയിരിക്കുമ്പോഴും ദുൽഖർ സൽമാൻ ആയി എന്നെ അംഗീകരിക്കുന്നതാണ് എനിക്ക് ഇഷ്ടം.‌ മമ്മൂട്ടിയുടെ മകൻ എന്ന ആ ഒരു ടാഗ് ഞാൻ മാറ്റാൻ ശ്രമിച്ചാലും അതിന് എന്നെ അനുവദിക്കാത്ത ചില ആളുകളുണ്ട്. അത് ചിലപ്പോൾ അവരുടെ അജണ്ട ആയിരിക്കാം. അതെന്താണെന്ന് എനിക്കറിയില്ല. ഞാൻ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടുത്തെ പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ നേരത്തെ പറഞ്ഞ ആളുകൾ അവിടെ വന്ന് എന്നെ ആക്രമിക്കും. ഞാൻ അവരുടെ സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും അക്കൂട്ടർ തരില്ല. മറ്റുള്ളവർ എന്നെ സ്നേഹിക്കുമ്പോൾ ഇവർ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്നും എനിക്കറിയില്ല.’ ദുൽഖർ പറയുന്നു.

‘എത്ര സ്നേഹവും സ്വീകാര്യതയും ലഭിച്ചാലും അതൊന്നും പൂർണമായി ആസ്വദിക്കാൻ ഞാൻ എന്നെ അനുവദിക്കാറില്ല. കാരണം അതൊരു മോശം ശീലമാണെന്നും എന്റെ മാനസികാരോഗ്യത്തിന് നല്ലതല്ലെന്നും എനിക്കറിയാം. ഞാൻ കൂടുതലും മറ്റ് ഭാഷകളിൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെ കാരണവും ഇതൊക്കെത്തന്നെയാണ്. മമ്മൂട്ടിയുടെ മകൻ എന്ന ഈ ടാഗ് അവിടെ വളരെ കുറവാണ്. മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ ഞാൻ ദുൽഖർ ആയി തന്നെയാണ് അറിയപ്പെടുന്നത്. എന്റെ പിതാവിന്റെ മകൻ ആണെന്നതിൽ വളരെയേറെ അഭിമാനിക്കുന്നയാളാണ് ഞാൻ. പക്ഷേ ആ ഒരു ടാഗിൽ ജീവിതകാലം മുഴുവൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്താണെന്ന് തിരിച്ചറിയുന്ന ചിലരുണ്ട്. എന്റെ കുടുംബത്തിന്റെ പേരിൽ അറിയപ്പെട്ട് ആ രീതിയിൽ സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ ദുൽഖർ വ്യക്തമാക്കി.

Leave a Reply