സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ മലയാളം ട്രെയിലർ എത്തിയത്. സംഭവം അപ്രതീക്ഷിതമായാണെങ്കിലും അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ ഏറ്റെടുപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം 51 ലക്ഷത്തിലധികം പേർ ട്രെയിലർ കണ്ടുകഴിഞ്ഞു
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമാനുഭവം മാത്രമല്ല എമ്പുരാൻ എന്നത് ട്രെയിലറിൽ വ്യക്തമാണ്. ഹോളിവുഡ് സിനിമകളുടെ ദൃശ്യ ഭാഷ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംവിധാന മികവ് ട്രെയിലറിൽ ഉടനീളം കാണാം. അതേസമയം അബ്രാം ഖുറേഷിയായി മോഹൻലാലും സയീദ് മസൂദായി പൃഥ്വിരാജും നിറഞ്ഞു നിൽക്കുമ്പോൾ ചുവന്ന ഡ്രാഗൺ വസ്ത്രം ധരിച്ചു പുറംതിരിഞ്ഞ് നിൽക്കുന്ന കഥാപാത്രത്തിന്റെ മുഖം ഏറ്റവും ഒടുവിൽ പുറത്തുവന്ന ട്രെയിലറിലും അണിയറ പ്രവർത്തകർ സർപ്രൈസ് ആയി നിർത്തിയിരിക്കുകയാണ്. ഇപ്പോഴിതാ അണിയറ പ്രവർത്തകർ ഇത്രയധികം ഹൈപ്പ് കൊടുത്ത് സർപ്രൈസ് ആക്കി നിർത്തുന്ന വ്യക്തി ആരായിരിക്കും എന്ന ഭയങ്കര ചർച്ചയിലാണ് ആരാധകരും സിനിമ പ്രേമികളും.
സിനിമയിലെ പ്രധാന വില്ലൻ ഈ കഥാപാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫഹദ് ഫാസിലിന്റെ ലുക്ക് ഉണ്ടെന്നും വില്ലൻ ഫഹദ് തന്നെയാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ. ബ്രേക്കിങ് ബാഡ് താരം ജോൻകാർലോ എസ്പൊസീറ്റോ ആണ് വില്ലനായി എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും ഈ കലക്കൻ സർപ്രൈസ് താരം ആരാണെന്നത് 27ന് തിയേറ്ററിൽ അറിയാം.