
ദിനം പ്രതിയുള്ള കോവിഡ് കണക്കുകളിൽ നിരന്തരമായി കുറവു വരുന്ന സാഹചര്യത്തിൽ മാസ്‌കുകൾ ഒഴിവാക്കുന്നത് സമ്പന്ധിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് അഭിപ്രായങ്ങൾ വിദഗ്ധ സമിതിയിലെ അംഗങ്ങളും ആരോഗ്യ വിദഗ്ദ്ധരുമായി സംസ്ഥാന സർക്കാർ ആരാഞ്ഞു. നിർബന്ധമായി മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നും താൽപര്യമുള്ളവർക്ക് മാത്രം മാസ്‌ക് ധരിക്കാമെന്നുള്ളതുമാണ് സമിതിയുടെ അഭിപ്രായം. രോഗലക്ഷണങ്ങളുള്ളവർ പുറത്തേക്കിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. ഇനിയങ്ങോട്ടുള്ള കാലത്ത് കോവിഡ് പുതിയ തരംഗങ്ങൾ എത്തിയില്ലെങ്കിൽ മാസ്‌കുകൾ ഒഴിവാക്കാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരും അഭിപ്രായപ്പെടുന്നത്. കൂടുതലായി രോഗം വ്യാപിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ, വിവാഹം, ഉത്സവം പോലെയുള്ള ആളുകൾ അപരിചിതരുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന സാഹചര്യങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, മാളുകൾ, എന്നിവിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കണമെന്നും അവർ അഭിപ്രായപ്പെടുന്നു.