എല്ലാ ദിവസവും ഊർജ്ജ സ്വലതയോടെയിരിക്കാനും കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതിന് നമുക്ക് കഴിയാറില്ല. ചില ദിവസങ്ങളിലെങ്കിലും നമുക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്. ദിവസങ്ങളോളം നിലനിൽക്കുന്ന ക്ഷീണം നമ്മുടെ ജീവിതത്തെ തന്നെ പരാജയത്തിലേക്ക് നയിച്ചേക്കാം. ജീവിത രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ എളുപ്പത്തിൽ ക്ഷീണത്തെ നമുക്ക് മറികടക്കാം.
മികച്ച ആരോഗ്യത്തിനായി ഏറ്റവും ആദ്യം വേണ്ടത് നല്ല ഭക്ഷണം കഴിക്കുക എന്നതാണ്. എന്നാൽ ഖേദകരമെന്ന് പറയട്ടെ ഇന്നത്തെ തലമുറയ്‌ക്ക് കൂടുതൽ ഇഷ്ടം ജംഗ് ഫുഡ് ആണ്. ഇതിന്റെ അനന്തരഫലമാകട്ടെ രോഗങ്ങളും. ആവശ്യമായ പോഷണങ്ങൾ ശരീരത്തിൽ എത്താതിരിക്കുന്നത് ക്ഷീണത്തിന് കാരണമാകും.
കാബേജ്, തക്കാളി, കാരറ്റ്, ചീര, വെളുത്തുള്ളി, ഉള്ളി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ക്ഷീണം മാറാനുള്ള ഉത്തമ പ്രതിവിധിയാണ്. ഇവയിലെ ആന്റി ഓക്‌സിഡന്റാണ് ക്ഷീണം അകറ്റുന്നത്. ആപ്പിൾ, മുന്തിരി, തുടങ്ങിയ പഴങ്ങൾ കഴിക്കുന്നതും ക്ഷീണം മാറാൻ നല്ലതാണ്. പാല്, പാൽ ഉൽപ്പന്നങ്ങൾ, പരിപ്പ്, എന്നിവയും ആഹാരത്തിൽ ഉൾപ്പെടുത്തണം.
ജംഗ് ഫുഡ്, കാപ്പി, ചായ, മദ്യം എന്നിവ പൂർണമായും ഒഴിവാക്കുക. പുകവലിക്കുന്ന ശീലവും ഒഴിവാക്കേണ്ടതാണ്. ശരീരത്തിലെ പ്രോട്ടീനിന്റെ അഭാവം നമുക്ക് ക്ഷീണമുണ്ടാക്കും. അതിനാൽ ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. പേശികളെ കരുത്തുറ്റതാക്കുന്നത് പ്രോട്ടീനാണ്. അതുകൊണ്ട് തന്നെ നിത്യേന ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
ശരീരത്തെ എന്നും ഊർജ്ജസ്വലതയോടെ കാത്ത് സൂക്ഷിക്കാൻ വ്യായാമത്തിന് കഴിയും. അതിനാൽ ഒരു മണിക്കൂർ നേരമെങ്കിലും വ്യായാമത്തിനായി ദിവസവും മാറ്റിവയ്‌ക്കണം. ദിവസവും ജിമ്മിൽ പോകാം. അല്ലെങ്കിൽ യോഗ പരിശീലിക്കാം. നീന്തൽ, നടത്തം എന്നിങ്ങനെയുള്ള ലഘു വ്യായാമ മുറകളിൽ ഏർപ്പെടുന്നതും ഗുണം ചെയ്യും.
ശരീരത്തിന് ഊർജ്ജം പകരുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വെള്ളം. ശരിയായ അളവിൽ വെള്ളം ശരീരത്തിൽ എത്താതിരുന്നാൽ അത് ക്ഷീണത്തിന് കാരണമാകും. അതിനാൽ നിത്യേന എട്ട് ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം. ഇതിന് പുറമേ ജ്യൂസുകൾ കുടിക്കുന്നതും ക്ഷീണം അകറ്റാൻ നല്ലതാണ്.
ഒന്ന് കുളിച്ചാൽ ക്ഷീണം മാറും എന്ന് പറയുന്നത് നിരവധി തവണ നാം കേട്ട് കാണും. ഇത് ശരിയാണ്. എന്നാൽ പച്ചവെള്ളത്തിൽ അല്ല ചൂട് വെള്ളത്തിൽ വേണം കുളിക്കാൻ. അതിരാവിലെ ചൂടുവെള്ളത്തിൽ കുളിക്കുന്നത് മാനസിക പിരിമുറുക്കം അകറ്റാനും സമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കും. ശരീരത്തിലെ രക്തയോട്ടം ത്വരിതപ്പെടുത്താനും ചൂടുവെള്ളത്തിലെ കുളി സഹായിക്കും.