നടനനെന്ന നിലയിൽ ഇന്ത്യയിലെ തന്നെ വലിയ താരമായി ഉയർന്നയാളാണ് പൃഥ്വിരാജ്. അദ്ദേഹം ഇതുവരെ സംവിധാനം ചെയ്തത് മൂന്ന് ചിത്രങ്ങൾ, അതിൽ തീയേറ്ററിലെത്തിയ ലൂസിഫർ പരമ്പര ചിത്രങ്ങൾ വൻ ബോക്‌സോഫീസ് വിജയമായിരുന്നു. താൻ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളുടേയും പേരുകൾ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. പുതിയ ചിത്രം ആരംഭിക്കുന്നതിന്റെ സൂചനയാണോ ഇതെന്ന സംശയം ബലപ്പെടുകയാണ്.
മൂന്നാം ഭാഗത്തിന് ആരംഭമിട്ടുകൊണ്ടാണ് എൽ2-എമ്പുരാൻ എന്ന രണ്ടാം ഭാഗം അവസാനിക്കുന്നത്. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഈ ചിത്രം രാജ്യത്തുടനീളം ചർച്ചയായിരുന്നു. മൂന്നാം ഭാഗം വരുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ അണിയറപ്രവർത്തകർ നടത്തിയിട്ടില്ല.
2019 ലാണ് ആദ്യഭാഗമായ ലൂസിഫർ പുറത്തിറങ്ങിയത്. മൂന്ന് ഭാഗങ്ങളായി ഈ കഥ അവതരിപ്പിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. 2025 മാർച്ചിൽ എൽ2: എംപുരാൻ പുറത്തിറങ്ങി. ആറ് വർഷങ്ങളുടെ ഇടവേളയെടുത്തു രണ്ട് ചിത്രങ്ങളും തമ്മിൽ. കോവിഡ് മഹാമാരിയും ഈ കാലതാമസത്തിന് കാരണമായി. അതിനിടയിലാണ് 2022 ൽ ബ്രോ ഡാഡി എന്ന ചിത്രം ഒരുക്കുന്നത്. ഈ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് റിലീസ് ചെയ്തത്.
അതേസമയം പുതിയ ചിത്രം സംബന്ധിച്ച് ആരും തന്നെ സ്ഥിരീകരണങ്ങൾ നടത്തിയിട്ടില്ല. ലൂസിഫറിന്റെ മൂന്നാം ഭാഗമോ അല്ലെങ്കിൽ ബ്രോ ഡാഡി ഒരുക്കിയതുപോലെ മറ്റൊരു ചിത്രമോ ആയേക്കാമെന്നാണ് കരുതുന്നത്.









