മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ.’ ബ്ലോക്ബസ്റ്റർ ചിത്രമായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിലടക്കം വൈറലാണ്.
ഇപ്പോഴിതാ അണിയറപ്രവർത്തകർ പുറത്തുവിട്ട ഏറ്റവും പുതിയ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഹോളിവുഡ് താരം ജെറോം ഫ്ലിൻ ആണ് പുതിയ വീഡിയോയിലുള്ളത്. ചിത്രത്തിലെ 7-ാം നമ്പർ കഥാപാത്രമായാണ് ജെറോം ഫ്ലിൻ-ന്റെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ബോറിസ് ഒലിവർ എന്ന കഥാപാത്രമായാണ് ജെറോം ചിത്രത്തിലെത്തുന്നത്.
ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഷോകളിൽ ഒന്നായ ഗെയിം ഓഫ് ത്രോൺസിലൂടെ ശ്രദ്ധനേടിയ നടനാണ് ജെറോം ഫ്ലിൻ. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ജെറോം ഫ്ലിൻ മലയാളം സിനിമയുടെ ഭാഗമാകുന്നതിന്റെ ആകാംഷയിലാണ് ഗെയിം ഓഫ് ത്രോൺസ് ആരാധകരും ഒപ്പം മലയാളി പ്രേക്ഷകരും.
ഇന്ദ്രജിത്ത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി മലയാളി താരങ്ങളെയും വിദേശ താരങ്ങളെയും പരിചയപ്പെടുത്തുന്ന വീഡിയോകൾ ഇതിനകം എമ്പുരാൻ ടീം പുറത്തിറക്കിയിട്ടുണ്ട്. മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസും ലെയ്ക്ക പ്രൊഡക്ഷൻസുമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും