Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. നാളുകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ മാർച്ച് 27ന് സിനിമ തിയറ്ററുകളിൽ എത്തും. വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിലെ വിദേശ അഭിനേതാക്കൾ ആരൊക്കെയാകുമെന്നാണ് ഇപ്പോൾ പ്രേക്ഷകർ ആകാംഷയോടെ ഉറ്റു നോക്കുന്നത്. ഇപ്പോൾ സിനിമയുമായി ചേർത്ത് ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ റിക്ക് യൂണിന്റെ പേരും സമൂഹ മാധ്യമങ്ങളിൽ ഉയർന്നു കേൾക്കുകയാണ്.

റിക്കിന്റെ വിക്കിപീഡിയ പേജിൽ കാണുന്ന സിനിമകളുടെ ലിസ്റ്റിൽ എമ്പുരാന്റെ പേരും ചേർത്തിരിക്കുന്നതായി കാണാം. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഒരു തിയറി പ്രചരിക്കുന്നുണ്ട്. എമ്പുരാന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്ററിൽ പുറം തിരിഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രത്തെ കാണിച്ചിരുന്നു. ഇത് ആരായിരിക്കും എന്നതിൽ വലിയ ചർച്ചകളുമുണ്ടായി. റിക്ക് യൂൺ സിനിമയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ തീ തുപ്പുന്ന ചുവന്ന ഡ്രാഗൺ ചിത്രം പതിപ്പിച്ച വസ്ത്രം ധരിച്ച് നിൽക്കുന്ന കഥാപാത്രത്തെ റിക്കായിരിക്കും അവതരിപ്പിക്കുക എന്ന തരത്തിലാണ് തിയറി പ്രചരിക്കുന്നത്.

ലോകപ്രശ്‌സതമായ ക്രിമിനൽ ഗ്യാങായ യാക്കൂസ ഗ്യാങ് ആയിരിക്കും അബ്‌റാം ഖുറേഷിയുടെ എതിരാളിയായി എത്തുകയെന്നും സോഷ്യൽ മീഡിയയിൽ ചിലർ പറയുന്നുണ്ട്. തീ തുപ്പുന്ന ചുവന്ന ഡ്രാഗൺ യാക്കൂസ ഗ്യാങിന്റെ ഉയർന്ന തലത്തിലുള്ളവർ ധരിക്കുന്ന ചിഹ്നമാണ്. ഈ ഗ്യാങ്ങിന്റെ തലവനായാകും റിക്ക് എത്തുക എന്നും തിയറികളുണ്ട്.

കൊറിയൻ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂൺ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിൽ റിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply