ഐഎസ്എൽ കിരീട പോരാട്ടത്തിന്റെ അവസാന അങ്കത്തിന് നാളെ കേരള ബ്ളാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും നേർക്കുനേർ. ഗോവയിൽ വൈകിട്ട് ഏഴരക്കാണ് ഫൈനൽ മൽസരത്തിന് വിസിൽ മുഴങ്ങുക. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ളാസ്‌റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും കന്നിക്കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ഐഎസ്എൽ കിരീടാവകാശിയാരെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഐഎസ്എൽ ഫൈനൽ വേദിയായ മഡ്ഗാവിലേക്ക് കുതിക്കാനുള്ള തിടുക്കത്തിലാണ് ആരാധകർ. എന്നാൽ ഐഎസ്എൽ കാണാനുള്ള ടിക്കറ്റ് ലഭിക്കുന്നില്ല എന്നതാണ് ഉയർന്ന് കേൾക്കുന്ന പരാതി. ഇന്നലെ രാവിലെ 10 മണിയോടെ ബുക്ക് മൈ ഷോയിൽ ഐഎസ്എൽ കളിക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഓപ്പൺ ആയത്. എന്നാൽ എപ്പോൾ തുറക്കുമ്പോഴും സോൾഡ് ഔട്ട് എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്. 18,000 പേർക്കാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഇതിൽ 10,000 ടിക്കറ്റുകളാണ് ഓൺലൈൻ ബുക്കിംഗിനായി നൽകിയിരിക്കുന്നത്. ബാക്കി 8000 ടിക്കറ്റുകൾ സ്‌പോൺസേഴ്‌സ്, സംഘാടകർ തുടങ്ങിയവർക്കായി മാറ്റിവച്ചിരിക്കുകയാണ്.