ടീമുകളിലെ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച മത്സരങ്ങൾ കൂടി ഉൾപ്പെടുത്തികൊണ്ടാണ് പുതിയ മത്സരക്രമം. പുതുക്കിയ മത്സരക്രമം പ്രകാരം മാർച്ച് ഏഴിന് പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാൻ ജംഷഡ്പൂർ എഫ്‌സിയെ നേരിടും. “ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്‌എസ്‌ഡിഎൽ) ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) 2021-22 സീസണിനായി ഫെബ്രുവരി 9 മുതലുള്ള 25 മത്സരങ്ങളുടെ പുതുക്കിയ മത്സരക്രമം ഇന്ന് പുറത്തിറക്കി. ജനുവരിയിൽ മാറ്റിവെച്ച മത്സരങ്ങളും പുതുക്കിയതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,” ഐഎസ്എൽ പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് ദിവസങ്ങളിൽ രണ്ടു മത്സരങ്ങൾ വീതമുണ്ടാകും. മാറ്റിവെച്ച അഞ്ചു മത്സരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനായി ആണ് ഇത്. ലീഗ് സീസണിന്റെ അവസാന അഞ്ച് ആഴ്‌ചകളിൽ ഒന്നാം സ്ഥാനത്തിനും 2023 എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനുമായി ഒന്നിലധികം ടീമുകളാണ് പോരാടുക.