ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാർട്ടപ്പിന്റെ വിക്രം എസ്, സൗണ്ടിംഗ് റോക്കറ്റ് ആണ് വിക്ഷേപണത്തിലേക്ക് ഒരുങ്ങുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30നാണ് വിക്ഷേപണം. പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതുയുഗാരംഭമാണ്. സ്കൈറൂട്ട് എന്ന സ്വകാര്യ കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത റോക്കറ്റ് ആണിത്. സ്വന്തമായി മൂന്ന് ചെറു വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന കമ്പനിക്ക് ഈ സൗണ്ടിംഗ് റോക്കറ്റ് അവർ വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ പ്രാപ്തി അളക്കുന്ന പരീക്ഷയാണ്. ഇവിടെ ജയിച്ചാൽ അടുത്ത വർഷം കൂടുതൽ കരുത്തനായ വിക്ഷേപണവാഹനം വിക്രം 1 എത്തും. ആറ് മീറ്റർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതൽ കടലിൽ പതിക്കുന്നത് വരെ ആകെ അഞ്ച് മിനുട്ട് സമയം മാത്രം ആയുസ്, പരമാവധി 81.5 മീറ്റയർ ഉയരത്തിലേ റോക്കറ്റ് എത്തുകയുമുള്ളൂ. റോക്കറ്റിനെ വിക്ഷേപിക്കാനും വിക്ഷേപണ ശേഷം പിന്തുടരാനും ആവശ്യമായ സഹായം ഐഎസ്ആർഒ നൽകും.