നടൻ ധനുഷിന് തന്നോടും ഭർത്താവ് വിഘ്നേഷ് ശിവനോടും പത്തുവർഷമായി തീരാ പകയെന്ന നയൻതാരയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി നടൻ ആർ ജെ ബാലാജി. മറ്റെല്ലാവരെയും പോലെ സമൂഹ മാധ്യമങ്ങളിലൂടെയാണ് താനും ഇക്കാര്യം അറിഞ്ഞത്. പ്രേക്ഷകർ ഇത് കണ്ട് രസിക്കുകയാണ്. ‘ഇതിൽ ഞാൻ എന്ത് പറയാനാണ്. ധനുഷ് പ്രതികരിച്ചിട്ടില്ല, ഇതിൽ അഭിപ്രായം പറയാൻ ഞാൻ ആരാണ്,’ ആർ ജെ ബാലാജി പ്രതികരിച്ചത് ഇങ്ങനെ.
‘അവർ ഇരുവരും പക്വതയുള്ള അഭിനേതാക്കളാണ്. അവർക്ക് നിയമപരമായോ സോഷ്യൽ മീഡിയ വഴിയോ പ്രശ്നം കൈകാര്യം ചെയ്യാം. അവർക്ക് സംസാരിച്ച് പരിഹരിക്കാം, ഇല്ലെങ്കിൽ ഇല്ല. അത് അവരുടെ തീരുമാനം. എൻ്റെ ശ്രദ്ധ സൂര്യ സാറിനൊപ്പമുള്ള എൻ്റെ സിനിമയിലാണ്,’ ആർ ജെ ബാലാജി പറഞ്ഞു.വിവാദങ്ങൾക്ക് ആധാരമായ ‘നാനും റൗഡി താൻ’ എന്ന സിനിമയിൽ ആർ ജെ ബാലാജി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൂടാതെ നയൻതാരയെ പ്രധാന കഥാപാത്രമാക്കി ആർ ജെ ബാലാജി ‘മൂക്കുത്തി അമ്മൻ’ എന്ന സിനിമയും സംവിധാനം ചെയ്തിരുന്നു.
അതേസമയം നയന്‍താര-വിഘ്‌നേശ് വിവാഹസമയത്തോട് അനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കാനിരുന്ന ഡോക്യുമെന്ററി വൈകിയതിന് കാരണം ധനുഷാണെന്ന നയന്‍താരയുടെ വെളിപ്പെടുത്തല്‍ ആണ് വിവാദമായത്. ‘Nayanthara: Beyond the Fairy Tale’ എന്ന ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. 2022ലായിരുന്നു നയന്‍താരയുടെ വിവാഹം. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി റിലീസ് ചെയ്തത്.