Spread the love

കൊച്ചി∙ തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ സ്ഫോടനത്തിന്റെ ആഘാതം രണ്ടു കിലോമീറ്റർ അകലേക്കു വരെയുണ്ടായതായി അടുത്തുള്ളവർ. ഭൂമി കുലുക്കം പോലെയാണ് തോന്നിയെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ പറഞ്ഞു. കനത്ത ചൂടിനെ തുടർന്നുണ്ടായ തീപ്പൊരിയിൽനിന്നാകാം സ്ഫോടനമുണ്ടായതെന്നും അവർ പറഞ്ഞു.

ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമെല്ലാമുള്ള സ്ഥലാണ് ഇത്. വലിയ സ്ഫോടനമാണ് ഉണ്ടായിട്ടുള്ളതെന്ന് സമീപവാസികൾ അറിയിച്ചു. വീടുകളുടെ ചില്ലുകളും മറ്റു വസ്തുക്കളും തകർന്നെന്ന് വീട്ടുകാർ പറയുന്നു. ആറു തവണ സ്ഫോടനം ഉണ്ടായതായാണ് വിവരം. ഫയൽഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ചത് എന്നാണ് എല്ലാവരും കരുതിയത്. പിന്നീടാണ് പടക്കപ്പുരയിൽ ഉണ്ടായ പൊട്ടിത്തെറിയാണെന്നു അറിഞ്ഞത്.

പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനായി കൊണ്ടുവന്ന കരിമരുന്ന് വാഹനത്തിൽനിന്നു പടക്കപ്പുരയിലേക്ക് ഇറക്കുമ്പോഴായിരുന്നു സംഭവം. അപകടത്തിൽ പടക്കശാല ജീവനക്കാരൻ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. 16 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാലു പേരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സമീപത്തെ മുപ്പതോളം വീടുകൾക്കു കേടുപാടുകൾ പറ്റി. ചില്ലുകൾ പതിച്ച് വീടുകളിലുണ്ടായിരുന്ന കുട്ടികൾക്ക് ഉൾപ്പെടെ പരുക്കേറ്റു. കരിമരുന്ന് ഇറങ്ങിയ വാഹനം ഉൾപ്പെടെ രണ്ടു വാഹനം കത്തിനശിച്ചു.

Leave a Reply