സംഗീതലോകത്ത് നിന്നും വയലിനിസ്റ്റ് ബാലഭാസ്കർ വിടവാങ്ങിയിട്ട് മൂന്ന് വർഷം. 2018 സെപ്റ്റംബർ 25ന് ആണ് ബാലഭാസ്കറും കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ പെടുന്നത്. ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ഏവരും കാത്തിരുന്നു. എന്നാൽ ഒക്ടോബർ രണ്ടിന് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്കർ സംഗീതലോകത്തോട് വിടപറഞ്ഞു. മകള്‍ സംഭവസ്ഥലത്തും ബാലഭാസ്‌കര്‍ പിന്നീട് ആശുപത്രിയിലും വച്ച് മരണപ്പെടുകയായിരുന്നു.
1978 ജൂലൈ 10നായിരുന്നു ബാലഭാസ്‍കറിന്റെ ജനനം. മൂന്നാം വയസു മുതല്‍ അമ്മാവനും പ്രമുഖ വയലിനിസ്റ്റുമായ ബി ശശികുമാറിന്റെ കീഴിൽ വയലിൻ പഠനം ആരംഭിച്ചു. കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ ബാലഭാസ്‍കര്‍ മ്യൂസിക് ബാൻഡ് ആരംഭിച്ചു. ബാലഭാസ്കർ ആണ് കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് . എന്നും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങൾ ബാൻഡിലൂടെ ബാലഭാസ്‍കര്‍ സംഗീതപ്രേമികളിലേക്ക് എത്തിച്ചു.