Spread the love

തിരുവനന്തപുരം: സോളർ കേസിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു പണ്ടും താൻ പറഞ്ഞിരുന്നതായി ജോസ് കെ.മാണി. സത്യം മറനീക്കി പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും ജോസ് കെ.മാണി മാധ്യമങ്ങളോടു വിശദീകരിച്ചു. നുണകൾ ആവർത്തിച്ച് ആഘോഷിക്കപ്പെട്ടപ്പോൾ വലിയ വേദനയുണ്ടായി. ചെയ്യാത്ത തെറ്റുകൾക്ക് ആവർത്തിച്ചു ക്രൂശിക്കപ്പെടുമ്പോൾ ഒരിക്കൽ സത്യം മറനീക്കി പുറത്തുവരുമെന്നു അറിയാമായിരുന്നു. സത്യം മറനീക്കി പുറത്തുവന്നു. സത്യമെന്താണെന്നു ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ജോസ് കെ. മാണി പറഞ്ഞു. സോളർ കേസിൽ അന്വേഷണം വേണമെങ്കിൽ നടത്താമെന്നു മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഏത് അന്വേഷണം വേണമെങ്കിലും നടത്താമെന്നു പറഞ്ഞു. അതാണു സർക്കാരിന്റെ നിലപാടെന്നും ജോസ് കെ.മാണി വ്യക്തമാക്കി.

വീണ്ടും മന്ത്രിയാകാൻ തനിക്കു കഴിയില്ലെന്നുറപ്പായതോടെ ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നിറക്കാൻ കെ.ബി.ഗണേഷ് കുമാർ നടത്തിയ ഗൂഢാലോചനയാണു സോളർ കേസുമായി ബന്ധപ്പെട്ട ലൈംഗികാരോപണമെന്നും ഗണേഷ്കുമാറിന്റെ ബന്ധു ശരണ്യ മനോജും പ്രൈവറ്റ് സെക്രട്ടറി പ്രദീപ് കുമാറും ഇതിൽ പങ്കാളികളാണെന്നും പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ ഇന്നലെ മാധ്യമങ്ങൾക്കു മുമ്പിൽ വ്യക്തമാക്കിയിരുന്നു.

‘‘പരാതിക്കാരി എഴുതി നൽകിയ ഡ്രാഫ്റ്റ് പെറ്റിഷനിൽ ഗണേഷ് കുമാർ തന്നെ പീഡിപ്പിച്ചു എന്നുണ്ടായിരുന്നു. ഇതറിഞ്ഞ പ്രദീപും ശരണ്യ മനോജും ഇടപെട്ടു കൃത്രിമം കാട്ടി. ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ.മാണിയുടെയും പേരെഴുതിച്ചേർത്തതു ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ശരണ്യ മനോജ് ആണ്. സോളർ കേസ് സജീവമായി നിർത്താൻ ഇപ്പോഴത്തെ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനും മന്ത്രി സജി ചെറിയാനും ഇടപെട്ടു’’–ഫെനി വിശദീകരിച്ചു.

Leave a Reply