ഐടി സേവന വ്യവസായം വളർച്ച തുടരുമെന്നും, അടുത്തകാലത്ത് തന്നെ കുറഞ്ഞത് 200,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നും ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്‌ണൻ പറഞ്ഞു.”ഐടി വ്യവസായം സുരക്ഷിതമായി വളരും, കാരണം ഡിജിറ്റലൈസേഷനിലും സാങ്കേതികവിദ്യയിലും നിക്ഷേപം അടുത്ത വർഷങ്ങളിൽ വർധിക്കും. ആഗോള സമ്പദ് വ്യവസ്ഥയിലെ ഉയർച്ച താഴ്‌ചകളെ വ്യവസായം പിന്തുടരുമെന്നതിനാൽ ഹ്രസ്വകാലത്തേക്ക് ഉയർച്ച താഴ്‌ചകൾ ഉണ്ടാകും. ഐടി മേഖല ഈ വെല്ലുവിളികളെ (ഓഫീസുകളിലേക്കുള്ള മടക്കം, ആട്രിഷൻ, മൂൺലൈറ്റിംഗ്) കൃത്യമായി നേരിടുമെന്ന് പറയുന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. അടുത്തകാലത്ത് തന്നെ ഐടി മേഖല കുറഞ്ഞത് 200,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്” ക്രിസ് ഗോപാലകൃഷ്‌ണൻ പറഞ്ഞു.
ഇന്ത്യൻ ഐടി മേഖലയും, രാജ്യത്തെ ആഗോള വികസന കേന്ദ്രങ്ങളും കോവിഡ് കാലത്ത് സ്വീകരിച്ച നിലപാട് ബഹുരാഷ്‌ട്ര കമ്പനികൾക്ക് ഇടയിൽ വലിയ സ്വീകാര്യതയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഐടി മേഖല 8-10 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ഇത് ചെറിയ വളർച്ചയല്ല. ഐടി വ്യവസായത്തിന് ഇത് വളരെ ആവേശകരമായ കാലഘട്ടമാണ്. അടുത്ത 25 വർഷം കഴിഞ്ഞ കാലഘട്ടത്തേക്കാൾ മികച്ചതായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” ക്രിസ് ഗോപാലകൃഷ്‌ണൻ വ്യക്തമാക്കി. ബെംഗളൂരു ടെക് സമ്മിറ്റിന്റെ (ബിടിഎസ്) ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു ക്രിസ് ഗോപാലകൃഷ്‌ണൻ.