
ഭര്‍തൃവീട്ടുകാര്‍ വീടുപണിയാനായി പണം ആവശ്യപ്പെടുന്നതും സ്ത്രീധനത്തിന് കീഴില്‍ വരുമെന്ന് സുപ്രീംകോടതി. സ്ത്രീധനമരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 ബി പ്രകാരമുള്ള കുറ്റമാണിതെന്ന് സുപ്രീകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപണ്ണ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. മധ്യപ്രദേശില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണി തീകൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന വിധി. വീടുവയ്ക്കാന്‍ പണം ആവശ്യപ്പെടുന്നത് സ്ത്രീധനത്തിന് കീഴില്‍ വരില്ലെന്ന ഹൈക്കോടതി നിലപാട് തള്ളിയ സുപ്രീംകോടതി ഇക്കാര്യത്തില്‍ വിചാരണകോടതിയുടെ വ്യാഖ്യാനമാണ് ശരിയെന്ന് വിലയിരുത്തി.