സംവിധായകൻ ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ് ആയിരുന്ന ജിതിൻലാലിന്റെ സംവിധായക അരങ്ങേറ്റം ആയിരുന്നു ടോവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം. ഓണം റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ 87 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കി ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആദ്യ സിനിമയുടെ പിഴവുകൾ ഏതും പ്രകടമാകാത്ത ചിത്രത്തിന്റെ പ്രൊഡക്ഷൻ ക്വാളിറ്റിയേയും ക്രാഫ്റ്റിനേയും അഭിനന്ദിച്ച് രംഗത്തെത്തിരിക്കുകയാണ് നടൻ നീരജ് മാധവൻ. ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നതിലും കൂടുതൽ അഭിനന്ദനങ്ങൾ അത് അർഹിക്കുന്നുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ നീരജ് മാധവൻ വ്യക്തമാക്കി.
‘ജിതിൻ, എനിക്ക് നിന്നെ കുഞ്ഞിരാമായണം മുതൽ പരിചയമുള്ളതാണ്. ബേസിലിന്റെ അസിസ്റ്റന്റ് ആയിരിക്കുമ്പോൾ തന്നെ ആദ്യം സ്വതന്ത്ര സംവിധായകനാകുന്നത് നീ ആയിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു നീണ്ട യാത്രയായിരുന്നു എന്നാൽ ഒടുവിലത്തിന് ഫലമുണ്ടായിരിക്കുന്നു. എആർഎമ്മിലൂടെ നീ ഞങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറം പോകുകയും ചിത്രത്തിനെ വേറെയൊരു ഘട്ടത്തിലേക്ക് ഉയർത്തുകയും ചെയ്തിരിക്കുന്നു. നിനക്ക് കൂടുതൽ വിജയങ്ങൾ നേരുന്നു’ നീരജ് മാധവ് കുറിച്ചു.
ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ആഘോഷിക്കപ്പെടേണ്ടതും സംസാരിക്കപ്പെടേണ്ടതും ആയ സിനിമയാണ് അജയന്റെ രണ്ടാം മോഷണമെന്നും ആദ്യ സിനിമയെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ ഉള്ള പ്രൊഡക്ഷൻ ക്വാളിറ്റിയും ക്രാഫ്റ്റുമാണ് സിനിമയുടേതെന്നും നീരജ് കുറിച്ചു.