സിനിമയിലൂടെയും സീരിയലിലൂടെയും ചില ട്രെൻഡിങ് റിയാലിറ്റി ഷോകളിലൂടെയും മലയാളികൾക്ക് സൂപരിചിതയാണ് നടി സാധിക വേണുഗോപാൽ. ഹേമ കമ്മിറ്റി അടക്കമുള്ള വിഷയങ്ങളെക്കുറിച്ചും തനിക്ക് ഉണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ചും നടി അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
വിവിധ മേഖലകളിൽ താൻ നേരിടേണ്ടി വന്ന ‘അഡ്ജസ്റ്റ്മെന്റുകൾ’ എന്ന ടേമുമായ് ബന്ധപ്പെട്ട കാര്യങ്ങളാണ് സാധിക പങ്കുവെച്ചത്. പലപ്പോഴും പല സിനിമകളിലും കഥ സംസാരിച്ചു വേഷം തീരുമാനിച്ച ശേഷം അവസാന നിമിഷത്തിൽ തന്നെ ഒഴിവാക്കിയിട്ടുണ്ട്. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് പലരും അവസാന ഘട്ടത്തിലാണ് ചോദിക്കുക. ഇത്തരം അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറല്ലെന്ന് തീർത്തു പറയുന്നതോടെ പലരും അവസരം പിൻവലിക്കാറുണ്ടെന്നും നടി പറയുന്നു.
സിനിമയിൽ മാത്രമല്ല ഉദ്ഘാടനങ്ങൾക്ക് വിളിച്ചും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദ്ഘാടനത്തിന് വിളിച്ചിട്ട് അഡ്ജസ്റ്റ്മെന്റിന് ചോദിക്കും. സ്ഥാപനത്തിന്റെ ഓണർക്ക് ഇത്തിരി താല്പര്യമുണ്ടെന്ന് പറഞ്ഞ് ഒരിക്കൽ ഒരാൾ വിളിച്ചിട്ടുണ്ട് എന്നും തനിക്ക് താല്പര്യമില്ലെന്നും ഇത്തരം അഡ്ജസ്റ്മെന്റുകൾക്ക് താല്പര്യമുള്ളവരെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചോളൂ എന്ന് താൻ പറഞ്ഞു എന്നും സാധിക പറയുന്നു. ഇപ്പോൾ ഏത് പരിപാടിക്ക് വിളിക്കുമ്പോഴും അഡ്ജസ്റ്റ്മെന്റുകൾ തയ്യാറല്ല അത് കുഴപ്പമില്ലെങ്കിൽ ഒക്കെയാണെന്ന് അങ്ങോട്ട് പറയേണ്ടി വരുന്ന അവസ്ഥയാണെന്നും സാധിക പറയുന്നു.