ന്യൂഡൽഹി∙ ‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു എന്നത് വെറും കിംവദന്തികളാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചതോടെയാണ് പേരുമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ പടർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ ‘പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നാക്കിയതോടെ ചർച്ച ചൂടുപിടിച്ചു.
തങ്ങളുടെ മുന്നണിക്ക് ‘ഇന്ത്യ’യെന്നു പേരിട്ടതോടെ വിറളി പിടിച്ചാണു രാജ്യത്തിന്റെ പേരിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നതെന്നു പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ നേതാക്കൾ ആരോപിച്ചു. ഇതോടെയാണ് പ്രചാരണം തള്ളി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ‘‘ഇവ വെറും കിംവദന്തികൾ മാത്രമാണ്. എന്നാൽ ‘ഭാരത്’ എന്ന പേരിനോടുള്ള അവരുടെ സമീപനം ഇപ്പോൾ വ്യക്തമായി. ഭാരത് എന്ന വാക്ക് എതിർക്കുന്നവർ അവരുടെ ചിന്താഗതിയാണു പുറത്തുകാണിക്കുന്നത്.’’– അനുരാഗ് ഠാക്കൂർ പറഞ്ഞു.“ഞാൻ ഭാരത് സർക്കാരിന്റെ മന്ത്രിയാണ്. പല വാർത്താ ചാനലുകളിലും അവരുടെ പേരിൽ ഭാരത് ഉണ്ട്. ഭാരത് എന്ന പേരിനോട് ആർക്കാണ് അലർജി? ആരാണ് ഭാരത് എന്ന പേരിനെ എതിർക്കുന്നത്? ഇപ്പോൾ ഭാരത് എന്ന പരാമർശത്തിൽ നിങ്ങൾക്കു വേദന അനുഭവപ്പെട്ടു തുടങ്ങിയോ? ഇക്കൂട്ടർ തന്നെയാണു രാഷ്ട്രീയ പാർട്ടിയെ രാജ്യത്തെക്കാൾ വലുതായി കാണുന്നത്. വിദേശ മണ്ണിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ഇവർ ശ്രമിച്ചു.
നിങ്ങൾ എന്തിനാണ് പേരിനു മാത്രം പ്രാധാന്യം നൽകുന്നത്? ഞങ്ങൾ രാജ്യത്തിന് ആദരവ് നേടിക്കൊടുക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങൾ ഇതിനെ ഹിന്ദുസ്ഥാൻ, ഭാരത് അല്ലെങ്കിൽ ഇന്ത്യ എന്ന് വിളിച്ചോളൂ. നമ്മുടെ രാജ്യത്തിന്റെ കായികതാരങ്ങൾ ഇന്ത്യയുടെ അഭിമാനം വർധിപ്പിക്കും. ചിലർ പ്രസ്താവനകളിൽ മാത്രം ഏർപ്പെട്ടിരിക്കുന്നു. അവർ എന്തിനാണ് ഭാരതത്തെ എതിർക്കുന്നത്? എന്തിനാണ് ഈ ഭാരത് വിരുദ്ധ മാനസികാവസ്ഥ?’’– അനുരാഗ് ഠാക്കൂർ ചോദിച്ചു.