Spread the love

വിവാദങ്ങളുടെ നടുവിലാണ് നടൻ ബാല. വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകളിൽ വ്യാജ ഒപ്പുവെച്ചു എന്നും ഒപ്പം മകളുടെ പേരിൽ നൽകിയ ഇൻഷുറൻസ് പിൻവലിച്ചു എന്നും കാട്ടിയും ആദ്യ ഭാര്യ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ അമൃത താരത്തിനെതിരെ നിയമപരമായും നീങ്ങിയിരുന്നു. ഇതിനുപിന്നാലെ രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു. ബാല തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതേത്തുടർന്ന് താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിരുന്നു എന്നും ആണ് എലിസബത്ത് വ്യക്തമാക്കിയത്. കൂടാതെ നടന്റെ കരൾമാറ്റ ശാസ്ത്രക്രിയയിൽ നടി സംശയവും പ്രകടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ബാലയ്ക്കൊപ്പം ജീവിക്കുന്ന സമയത്ത് താൻ നേരിട്ടു എന്നു പറയുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് എലിസബത്ത് ഉദയൻ. ബാല തന്നെ പലപ്പോഴും മർദ്ദിക്കാറുണ്ടായിരുന്നുവെന്നും ദിവസങ്ങളോളം ഭക്ഷണം പോലും തരാതെ മുറിയിൽ പൂട്ടിയിട്ടുണ്ടെന്നും എലിസബത്ത് ആരോപിക്കുന്നു. തന്റെ അനുഭവങ്ങൾ ആലോചിക്കുമ്പോൾ ബാലയുടെ ജീവിതത്തിൽ മുൻപ് വന്നുപോയ സ്ത്രീകൾക്കും ഇതേ അനുഭവം ഉണ്ടായിരിക്കാം എന്നും പറയുകയാണ് എലിസബത്ത് ഇപ്പോൾ. തന്റെ യൂട്യൂബ് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് എലിസബത്ത് താൻ നേരിട്ട കൊടിയ പീഡനങ്ങൾ തുറന്നു പറഞ്ഞത്.

‘‘എനിക്ക് നോർത്ത് ഇന്ത്യയിൽ ഒരു ബോയ് ഫ്രണ്ട് ഉണ്ട് എന്നാണു പറയുന്നത്. എനിക്ക് ആ ഒരു അഡ്രസ്സും കാര്യങ്ങളും ഡീറ്റെയിൽസും ഒക്കെ ഒന്ന് അയച്ചു തരണം. എനിക്കിനി ബോയ് ഫ്രണ്ട് ഉണ്ട്, 10 പേരുണ്ട്, 100 പേരുണ്ട് 300 പേരുണ്ട് എന്ന് പറഞ്ഞാൽ അത് നിങ്ങൾക്ക് വിഷയം ആവേണ്ട കാര്യമില്ല കാരണം എന്നെ കല്യാണം കഴിച്ചതാണ് എന്നല്ലേ ഇപ്പോൾ പറയുന്നത്. തെറ്റ് ആര് ചെയ്താലും എപ്പോ ചെയ്താലും അത് തെറ്റാണെന്നാണ് എന്റെ ഒരു വിശ്വാസം. ഒരു ബന്ധത്തിൽ ഇരിക്കുമ്പോൾ നാലഞ്ച് ആൾക്കാരുമായി പോണതാണോ, ഒന്ന് കെട്ടിയിട്ട് പിന്നെ വേറെ ആളുമായി ബന്ധങ്ങൾക്ക് പോകുന്നതാണോ കുഴപ്പം. അതും ഒരു ബന്ധം ഒന്നുമല്ല. ഒരു അവിഹിതം ഒക്കെ സമ്മതിക്കാം പക്ഷേ ഒരു നാലഞ്ച് എണ്ണം എന്നൊക്കെ അത് കുറച്ചു കടന്നുപോയി. നമ്മുടെ നാട്ടിൽ അവിഹിതം ഒക്കെ ഇത്രയും കോമൺ ആയോ ? അപ്പോൾ ഞാൻ കുറച്ചു പഴഞ്ചൻ ആയിപോയല്ലോ. ഇവിടെ കുറെ പേര് മോശം കമന്റ് ഇടുന്നതു കണ്ടു. ശരിക്കും എനിക്ക് വിളിച്ചു പറയാനാണെങ്കിൽ കുറെ പേരുകൾ ഉണ്ട്. പക്ഷേ അവരും ഇത്തരത്തിൽ ചതിക്കപെട്ടതാണോ എന്ന് അറിയില്ലല്ലോ. അവരെ ഇതുപോലെ ചതിയിൽ പെടുത്തിയതാണെങ്കിലോ അതുകൊണ്ട് ഞാൻ പേര് പറയുന്നില്ല, ആവശ്യം വന്നാൽ പറയാം. ഞാൻ സ്ത്രീയാണെന്ന പേരിൽ ഡ്രാമ കളിക്കുന്നതാണ് എന്നൊക്കെ പറയുന്നത് എന്തിന്റെ പേരിലാണ്.

എനിക്ക് ഇങ്ങനെ ഡ്രാമ ഇറക്കേണ്ട കാര്യമൊന്നുമില്ല. ഇപ്പോൾ എനിക്കെല്ലാം കോമഡി ആയിടാണ്‌ തോന്നുന്നത്. ആദ്യത്തെ ദിവസം ഭയങ്കര വിഷമിച്ചിട്ടാണ് ഞാൻ ആ പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നത്. അങ്ങനെ പോസ്റ്റ് ഇട്ടപ്പോൾ കുറെ അക്ഷര തെറ്റുകൾ ഒക്കെ വന്നിട്ടുണ്ടായിരുന്നു. ഇങ്ങനെ എഴുതുന്ന ആൾക്കാരൊക്കെ എങ്ങനെ ഡോക്ടർ ആയി എന്നൊക്കെയാണ് പറയുന്നത്. നിങ്ങൾക്ക് ഡോക്ടർമാരുടെ കൈയ്യക്ഷരം അറിയാലോ. പിന്നെ അത് മാത്രമല്ല ഒരാൾ വിഷമിച്ചിട്ട് എഴുതുമ്പോൾ പിന്നെ എങ്ങനെ ഇരിക്കും. എനിക്ക് കണ്ണ് നിറഞ്ഞിട്ട് കണ്ണ് കാണുന്നുണ്ടായിരുന്നില്ല. പിന്നെ ആ സമയത്ത് സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ എന്നൊന്നും നോക്കാനുള്ള മാനസികാവസ്ഥ ഇല്ലായിരുന്നു. എന്നോട് സ്നേഹമുള്ള കുറേപ്പേർ വന്നു സ്പെല്ലിങ് മിസ്റ്റേക്കിന്റെ കാര്യം പറഞ്ഞു, പക്ഷേ എനിക്ക് അപ്പൊ അതൊന്നും ശരിയാക്കാനുള്ള മാനസികാവസ്ഥ ഇല്ലായിരുന്നു. കാരണം ഞാൻ അയാളെ അത്ര നന്നായിട്ടാണ് നോക്കിയിരുന്നത്. ഇപ്പോൾ ഇതൊക്കെ പറയാൻ നാവ് പൊന്തുന്നുണ്ടല്ലോ. ഇത്രയൊക്കെ ആകാൻ വേണ്ടി ഞാൻ ചെയ്ത സഹായം ഒക്കെ മറന്നിട്ടാണ് ഈ പറയുന്നത്. ഞാനാണെങ്കിൽ എന്നെ സഹായിച്ച ഒരാളെ ഞാൻ ഈ ജന്മം മറക്കില്ല.

ഇയാൾക്ക് അസുഖം ഉണ്ടെന്നറിഞ്ഞിട്ടല്ല ഞാൻ കല്യാണം കഴിച്ചത്. കല്യാണം കഴിക്കുന്നതിനു മുന്നേ ഇങ്ങനുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. 10-20 ദിവസം കൂടുമ്പോൾ ഹോസ്പിറ്റലിൽ പോകും. ശരിക്കും ഞങ്ങൾ ഹണിമൂണിന് ഹോസ്പിറ്റലിലേക്കാണ് പോയത്. അവിടെ വച്ച് ചോര ഛർദ്ദിച്ച് ഐസിയുവിൽ ആയി. അപ്പൊ പറയുന്നത് ഇവൾ ഒപ്പം ഉണ്ടെങ്കിൽ എനിക്കൊന്നും പറ്റില്ല എന്നാണ്. ഞാനും വിചാരിച്ചു ഞാൻ ഒപ്പം ഉണ്ടെങ്കിൽ ഒരിക്കലും ഒന്നും പറ്റില്ല എന്ന്. പക്ഷേ ഇപ്പോൾ പറയുന്നത് എല്ലാം ഞാൻ കാരണമാണെന്ന്. ഒന്നിനും ഇടപെടേണ്ട എന്ന് വിചാരിച്ചിട്ട് മാറി നിന്നിരുന്നതാണ്.

ഞാൻ അയാളോടൊപ്പം ഉറങ്ങിയതിനെപ്പറ്റി ഒക്കെ കമന്റ് ഇടുന്നയാൾ എന്തൊക്കെയാണ് പറയുന്നത് ? ഞങ്ങൾ ഉറങ്ങിയപ്പോൾ നിങ്ങൾ ഇടയിൽ വന്നു കിടന്നായിരുന്നോ ഇതൊക്കെ അറിയാൻ ? എന്നോട് പറഞ്ഞത് ഇന്ന് ഇറങ്ങി വന്നില്ലെങ്കിൽ പിന്നെ നീ എന്നെ കാണില്ല, നിന്റെ ഫോൺ എടുക്കില്ല എന്നൊക്കെയാണ്. ഞാൻ ആണെങ്കിൽ ഒരുപാടു സ്നേഹിച്ചുപോയി. അങ്ങനെയാണ് അറേഞ്ച്ഡ് മാരേജ് ആകേണ്ട കാര്യം വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോകുന്ന അവസ്ഥയിൽ എത്തിയത്. എന്നെ ഇറക്കി കൊണ്ടുപോയി കല്യാണം കഴിച്ചതാണ്. എന്നെ തട്ടിക്കൊണ്ടുപോയിട്ട് വേറെ ആൾക്കാർക്ക് വിൽക്കാനായിരുന്നോ എന്നൊക്കെ ഇപ്പൊ സംശയിക്കേണ്ടിയിരിക്കുന്നു.

പക്ഷേ അന്ന് നേരെ ചെന്നൈയിലേക്ക് വീട്ടിലേക്ക് തന്നെ കൊണ്ടുപോയി. പൂജാമുറിയിൽ അമ്മയുടെ മുന്നിൽ വച്ച് ഒരു മാല അണിയിച്ചു. അത് അമ്മയുടെ സ്വർണ്ണമാണ് അമ്മ എനിക്ക് വേണ്ടിയിട്ട് എടുത്തു വച്ചിട്ടുള്ളതാണ് എന്നൊക്കെ പറഞ്ഞു. അത് സ്വർണ്ണം തന്നെയാണോ എന്ന് ദൈവത്തിന് അറിയാം. ഇങ്ങനെ പെണ്ണുങ്ങൾക്ക് മാല ഇട്ടുകൊടുക്കുന്നത് സ്ഥിരമായിട്ടുള്ള പരിപാടിയാണെന്നു തോന്നുന്നു. ഇനി എത്ര ആൾക്കാർക്ക് ഇട്ടിട്ടുണ്ട് എന്ന് ആർക്കറിയാം. അന്ന് തന്നെ എന്റെ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്തു. വെറുതെ കൂടെ കിടക്കാൻ വരുന്ന ആൾക്കാരുടെയൊക്കെ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്യുമോ ? എന്തിനാണ് എന്റെ ഫോൺ എറിഞ്ഞു പൊട്ടിക്കുന്നത്, എന്റെ സുഹൃത്തിനെ വിളിച്ചിട്ട് തെറി പറയേണ്ട ആവശ്യം എന്താണ് ? അവരെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തേണ്ട ആവശ്യം എന്താണ് ?

ഞാന്‍ എംഡി എന്‍ട്രന്‍സ് എഴുതാന്‍ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയുടെ ഒരു മാസം മുമ്പ് ഹാള്‍ ടിക്കറ്റ് എടുക്കാനോ പരീക്ഷ എഴുതാനോ സമ്മതിച്ചില്ല. അന്ന് വഴക്കുണ്ടാക്കിയപ്പോള്‍ നല്ല അടി കിട്ടി. കണ്ണ് തുറക്കുമ്പോഴെല്ലാം അഞ്ചാറ് സെക്കന്റിലേക്ക് ഗ്രേ കളര്‍ മാത്രമേ കാണൂ. ഞാന്‍ ആറ് മാസം ബാലയുമായി അകന്നുകഴിഞ്ഞു. ആ സമയത്ത് ഞങ്ങള്‍ ഡിവോഴ്‌സ് ആയെന്നും ചിലര്‍ വിഡിയോ ചെയ്തു. ഒരിക്കല്‍ പനിച്ച് വയ്യാതായി, ആ സമയത്ത് എന്റെ വീട്ടുകാരെ വിളിച്ച് പറഞ്ഞത് ഞാൻ അഭിനയിക്കുകയാണെന്നാണ്. ഭര്‍ത്താവിനെ നന്നായി അറിയുന്നത് കൊണ്ട് എന്റെ വീട്ടുകാര്‍ വന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡും പോസിറ്റീവായിരുന്നു. ഇതൊക്കെ 2022-ലാണ് സംഭവിച്ചത്. വീട്ടുകാര്‍ പറഞ്ഞത് നീ നിന്റെ ജീവിതം തുലച്ചു, നമുക്ക് എല്ലാം മനസിലാകുന്നുണ്ട്, ജോലിക്ക് പോകൂ എന്നാണ്.

ഈ പറയുന്ന കസ്തൂരി എന്ന പ്രൊഫൈലിന് പിന്നിലുള്ള ആളുമായി വളരെ കാലത്തെ ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. അതുകൊണ്ടു ഇവർ ഇത് വിടില്ല. അതല്ലെങ്കിൽ വേറെ പ്രൊഫൈലിൽ നിന്ന് വരും. ചിലപ്പോൾ പേര് മാറ്റുമായിരിക്കും. ഇതിന്റെ മാസ്റ്റർ മൈൻഡ് ആരാണെന്ന് മനസ്സിലായി. ഇതൊക്കെ ഞാൻ എഴുതിയിടുമ്പോഴേക്കും കുറെ സമയം ആകും. ആൾക്കാർക്ക് ബോറടിക്കും അതുകൊണ്ടാണ് ഞാൻ ഇത് വിഡിയോ ആയിട്ട് ഇടാം എന്ന് വിചാരിച്ചത്. ഞാൻ മൂന്നു ദിവസമായിട്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാൻ ആത്മഹത്യ ചെയ്താലോ എന്നൊക്കെ ആളുകൾ പറയുന്നുണ്ട്. ആരൊക്കെയോ എനിക്ക് വേണ്ടി പല ഹെൽപ്‌ലൈനിലും ഫോറംസിലും ഒക്കെ മെസ്സേജ് അയക്കുന്നുണ്ട്. ഞാൻ ഇപ്പോൾ ബോൾഡ് ആണ് എനിക്ക് ഒന്നും സംഭവിക്കില്ല.

പക്ഷേ ഇതൊക്കെ കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകും എന്നൊന്നും ഞാൻ കരുതുന്നില്ല. എനിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ല. ഞാൻ നിയമപരമായി വിവാഹിത അല്ല എന്നൊക്കെയാണ് ഈ കമന്റിൽ പറയുന്നത്. അയാൾ എന്നെ വിവാഹം കഴിച്ചു തന്നെ കൂടെ താമസിപ്പിച്ചിരുന്നതാണ്. പിന്നെ അടുത്ത ആളെ കല്യാണം കഴിക്കണം എങ്കിൽ ഡിവോഴ്സ് വേണ്ടേ ? അതാണ് ഞങ്ങൾ നിയമപരമായി ഡിവോഴ്സ് ആയിട്ടില്ല. ഞങ്ങൾ മ്യൂച്വലി കൺസെന്റിൽ പിരിഞ്ഞിട്ടില്ല. വേറൊരു പെണ്ണിനെ വീട്ടിൽ കേറ്റിയപ്പോൾ ഞാൻ ഇറങ്ങിപ്പോയതാണ്. ഇത്ര ആൾക്കാരുടെ മുന്നിൽ എന്നെ ഭാര്യയായി കൊണ്ട് നടന്നിട്ട് എല്ലാവരെയും വിഡ്ഢികളാക്കുകയായിരുന്നു. എന്നെ വിഡ്ഢിയാക്കിയത് പോട്ടെ, ഞാൻ ഒരു ലൂസ് കേസ് എന്നൊക്കെയാണ് എല്ലാവരോടും പറയുന്നത്. പക്ഷേ ഇത്ര ആൾക്കാരുടെ മുന്നിൽ വച്ച് കല്യാണം കഴിച്ചതാണ്, ഞാൻ അത് കല്യാണം എന്ന് വിചാരിച്ചു. എന്നോട് അത് കല്യാണം എന്നാണ് പറഞ്ഞത്.

ഞങ്ങളുടെ വിവാഹമല്ല നടന്നതെന്നാണ് പലരും പറയുന്നത്. നാട്ടില്‍ നടന്ന വിവാഹ പരിപാടി എന്റെ അച്ഛനാണ് നടത്തിയത്. ചെന്നൈയില്‍ പരിപാടി നടത്തുമെന്ന് അവര്‍ അറിയിച്ചിരുന്നു. അതിനുള്ള ഡേറ്റ് ബുക്ക് ചെയ്തു. ടിക്കറ്റും ബുക്ക് ചെയ്തു. പക്ഷെ കാന്‍സല്‍ ചെയ്തു. ഇതിനിടയില്‍ എനിക്ക് പിറന്നാള്‍ സമ്മാനമായി മാലയും വളയുമൊക്കെ തന്നു. അത് വീഡിയോ എല്ലാം ചെയ്തിരുന്നു. പിന്നീട് അത് എടുത്തുവെച്ചു. ഒരു ഓഡി കാറും തന്നു. എന്നാല്‍ നാല് തവണയെ ഞാന്‍ അതില്‍ ഇരുന്നിട്ടൂള്ളൂ. പിന്നെ ആ വാഹനം എവിടെപ്പോയെന്ന് എനിക്ക് അറിയില്ല.

പിന്നെ റജിസ്റ്റർ ചെയ്യേണ്ട കാര്യം അത് എല്ലാവരും കൂടി പ്ലാൻ ചെയ്ത് ചെയ്യാതിരുന്നതാണ്. ഈ പറയുന്ന ആളും ആ ഗൂഢാലോചനയിൽ ഉണ്ടായിരുന്നു എന്ന് ഞാൻ കരുതുന്നു. ഞാൻ ഉദ്ദേശിക്കുന്ന ആളാണെങ്കിൽ മീഡിയയിൽ ഉള്ള ആള് ആണ്, ഇയാളുടെ ജാതകത്തിൽ ഇങ്ങനെ പ്രശ്നമുണ്ട് അതുകൊണ്ടാണ് ഇങ്ങനെയൊക്കെ എന്നാണ് പറയുന്നത്. പിന്നെ ഇവരൊക്കെ ഭയങ്കര വലിയ കുടുംബമാണ് ചതിക്കില്ല എന്നൊക്കെ അമ്മ പറയുന്നുണ്ട്. ഞാൻ സ്നേഹിച്ച ആള് വലിയ പൊസിഷനിൽ ഉള്ള ആളാണ് അയാളാണ് ഇങ്ങനെ ഒക്കെ ചെയ്തത് അപ്പൊ നമ്മൾ എന്താ ചെയ്യാ.

ഇയാൾ ഒരു ഇരയാണ് എന്നൊക്കെയാണ് ഇപ്പോൾ പറയുന്നത്, എന്നോടും അങ്ങനെയൊക്കെ പറഞ്ഞിട്ടാണ് കല്യാണം കഴിച്ചത്. കാരണം മുമ്പുള്ള ഭാര്യ പുള്ളിക്കാരനെ വിഷം കൊടുത്തു കൊല്ലാൻ നോക്കി, അതുപോലെതന്നെ മോശമായിട്ടുള്ള കണ്ടീഷനിൽ കണ്ടുപിടിച്ചു എന്നൊക്കെ എന്നോട് പറഞ്ഞു. ഒരു ഡോക്ടറിനെ കൊണ്ട് എന്നോട് ഇങ്ങനെയൊക്കെ സംസാരിപ്പിച്ചു. മറ്റൊരാൾ ഒരു കസ്റ്റംസ് ഓഫിസർ ആണോ അതോ വേറെ എന്തോ ഓഫിസർ ആണോ എന്ന് എനിക്കറിയില്ല അയാളുടെ മുഖം കണ്ടാൽ നന്നായിട്ട് തിരിച്ചറിയും, പേര് ഞാൻ വേണമെങ്കിൽ ഒന്ന് ഓർത്തെടുത്താൽ കിട്ടും, ആ പുള്ളി വന്നിട്ട് പറഞ്ഞു ഇതുപോലെ ഞാനും ഇവനും കൂടി വന്നപ്പോഴാണ് അവരെ ഇങ്ങനെ മോശമായ സാഹചര്യത്തിൽ കണ്ടത്. അപ്പൊ ഞാനും വിചാരിച്ചു ഇത്രയൊക്കെ വലിയ ആൾക്കാർ ഒരാൾക്ക് വേണ്ടിയിട്ട് ഇങ്ങനെ പറയുന്നുണ്ടെങ്കിൽ സത്യമായിരിക്കും എന്ന്. അന്ന് എനിക്ക് സത്യം മനസിലായില്ല ഇപ്പോൾ മനസ്സിലാകുന്നു. മാരിറ്റൽ അബ്യൂസിന്റെ അർഥം അറിഞ്ഞിട്ടാണോ ഇതൊക്കെ പറയുന്നത്?

എന്നെ കൊണ്ടുപോയതിനു ശേഷമുള്ള കാര്യമൊന്നും ഇപ്പോൾ പറയാൻ വയ്യ അത്രയ്ക്കുണ്ട്. അതൊക്കെ ഞാൻ പിന്നീടു പറയാം. ഇതെന്തായാലും കേസ് ആകാൻ പോകുന്നില്ല എന്നുള്ളത് എനിക്കറിയാം. എന്നെ സഹായിക്കാൻ ആരും ഉണ്ടാവില്ല എന്നും മനസ്സിലായി. പക്ഷേ എന്റെ ഒരു സമാധാനം ഇവൻ എന്നെ ജയിലിൽ കൊണ്ടുപോയി ഇട്ടാൽ പോലും എനിക്ക് സമാധാനം ഉണ്ട്. ഞാൻ ഇതൊക്കെ പറയുമ്പോൾ എനിക്ക് മുന്നേ വന്നുപോയ സ്ത്രീകൾക്ക് എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാകും എന്ന് ഓർക്കുന്നു. എനിക്കിപ്പോ ജീവിക്കാൻ പ്രശ്നമൊന്നുമില്ല കുറച്ച് ഡിപ്രഷൻ ഉണ്ട് എന്ന് മാത്രമേ ഉള്ളൂ. അതുപോലെ സപ്പോർട്ട് ചെയ്യാൻ എന്റെ മാതാപിതാക്കളും ഉണ്ട്. അതുപോലെതന്നെ ആരും ഇല്ലെങ്കിൽ പോലും എനിക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ള കുഴപ്പങ്ങളും ഇല്ല.

ഞാൻ ഇങ്ങനെയൊക്കെ ചെയ്താൽ എന്റെ നഗ്നചിത്രം പോലും പുള്ളി ചിലപ്പോൾ പുറത്തുവിടും. അതുപോലെതന്നെ പലതരത്തിൽ വിഡിയോകൾ പോലും എടുത്തുവച്ചിട്ടുണ്ട്. വിഷം കൊടുത്തു എന്നൊക്കെ മുമ്പത്തെ ആളെ പറ്റി പറഞ്ഞ സ്ഥിതിക്ക് ഞാൻ മരുന്ന് തെറ്റിച്ചു കൊടുത്തു എന്നല്ലേ പറഞ്ഞിട്ടുള്ളൂ. അത് കുറച്ചു കുറവാ, അത്രയ്ക്ക് കുറ്റം പറഞ്ഞിട്ടില്ല. ഞാൻ നന്നായി നോക്കിയതിന്റെ സ്നേഹം ആയിരിക്കും അല്ലെങ്കിൽ വയറിളകി കിടന്നപ്പോൾ നോക്കിയതിന്റെ സ്നേഹം ആയിരിക്കും എന്ന് വിചാരിക്കുന്നു അത് മരുന്നിൽ ഒതുക്കിയത്. ബാല കോമയിലായപ്പോഴും വെന്റിലേറ്ററിലേക്ക് മാറ്റിയപ്പോഴും തീരുമാനങ്ങളിലൊന്നും വീട്ടിലെ ആരും ഉണ്ടായിരുന്നില്ല. ഞാനും പുള്ളിയുടെ അസിസ്റ്റന്റും ഉണ്ടായിരുന്നു. രാത്രി രണ്ട് മണിക്കാണ് പുള്ളിയെ ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. ടെന്‍ഷനടിച്ച് ചത്തു എന്ന് പറയാം. വീട്ടിലേക്ക് വിളിച്ച് പറഞ്ഞപ്പോള്‍ പുള്ളിയുടെ സഹോദരനും ചേച്ചിയും എത്തി. അടുത്ത ദിവസം അവര്‍ പോകുകയും ചെയ്തു. എന്നെ അവര്‍ പണിക്കാരിയെ പോലെയാണോ കണ്ടിരുന്നത്. ബാലയുടെ ഭാര്യയല്ലെന്ന് പറഞ്ഞു. അപ്പോള്‍ ചെയ്ത ജോലിക്ക് കാശെങ്കിലും തരണ്ടേ. മോഷന്‍ കഴുകിയതും രാത്രി ഉറങ്ങാതെയിരുന്ന് ബാലയുടെ ഡ്രിപ്പ് തീരാതെ നോക്കിയതുമൊക്കെ എന്തിനാണ്. ഇനിയൊരു സ്ത്രീയും ഈ വീട്ടില്‍ കയറില്ല എന്ന് അവര്‍ ഉറപ്പ് തന്നിരുന്നു. പക്ഷേ ബാലയുടെആരോഗ്യം ശരിയായപ്പോള്‍ അവരൊന്നും വാക്ക് പാലിച്ചില്ല.

മറ്റൊരു കമന്റ് അയാളുടെ ലിവർ ഡോണറും ഡോക്ടറും ഒക്കെ ഉള്ളതുകൊണ്ട് ഇപ്പോൾ അയാൾ ജീവിച്ചിരിക്കുന്നു എന്നാണു. ഞാൻ ചെയ്ത കാര്യങ്ങളൊന്നും ഇവർ കണ്ടിട്ടില്ലല്ലോ കണ്ടാലും ആരും ഒന്നും പറയാൻ പോകുന്നില്ല. ഞാൻ ഇത്രയും കാലം പേടിച്ചിട്ട് മിണ്ടാതെ ഇരിക്കുകയായിരുന്നു. പക്ഷേ ഇത്രയും വൃത്തികെട്ട കമന്റുകൾ കണ്ടിട്ട് സഹിക്കാൻ പറ്റാതെ ഇപ്പോൾ ഇതൊക്കെ പറയുന്നതാണ്. എലിസബത്തിനെക്കൊണ്ട് കൂടുതൽ പറയിക്കരുത്. കരൾ കൊടുത്ത ഡോണറെപ്പറ്റി എനിക്ക് പറയാനയുണ്ട് അത് പിന്നെ പറയാം. ഒരു പരിചയവുമില്ലാത്ത ഒരാൾ വന്നതാണ്, അതിൽ കുറെ കളികൾ ഉണ്ട്. ആശുപത്രിയിൽ എന്നെ ഒരുപാട് സഹായിച്ച ഒരു ഡോക്ടർ ഉണ്ട്. അദ്ദേഹത്തെ ഒരിക്കലും മറക്കാൻ പറ്റില്ല.

എന്നെപ്പോലെ ഇനി എത്ര ആൾക്കാർ ഇതിൽ പെടും എന്ന് അറിയില്ല. ഞങ്ങളുടെ കല്യാണസമയത്ത് ഒരു ആയുർവേദ ഡോക്ടർ വീട്ടിൽ വന്ന് പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. എന്നെ ചതിച്ചു എന്നൊക്കെ പറഞ്ഞിട്ട് ഭയങ്കര പ്രശ്നം ആയിരുന്നു. അവരുടെ കുറെ മെസ്സേജുകൾ എന്റെ കയ്യിലുണ്ട്. അവര്‍ ഒരു വട്ട് കേസ് ആണെന്നാണ് എന്നോട് ഇയാൾ പറഞ്ഞത്. എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ നോക്കുകയാണ് എന്ന് പറഞ്ഞു. അന്ന് ഞാൻ അതും വിശ്വസിച്ചു. ഇപ്പൊ അവരുടെയൊക്കെ പ്രാക്ക് ആയിരിക്കും ഞാൻ ഈ അനുഭവിക്കുന്നത്തിനു കാരണം. കുഴപ്പമില്ല നമ്മൾ അനുഭവിക്കേണ്ടത് അനുഭവിക്കാതെ പറ്റില്ലല്ലോ. ഏറ്റവും മോശം കുട്ടിയെ പറ്റി പറയുന്നതാണ്.

ഒന്നുമില്ലെങ്കിലും നിങ്ങളുടെ(ബാല) പല കേസുകളിൽ നിന്നും നിങ്ങളെ രക്ഷിച്ച ഒറ്റ കാരണം നിങ്ങളുടെ കുട്ടിയെപ്പറ്റി ഉള്ള കരച്ചിലായിരുന്നല്ലോ. എനിക്ക് തന്നെ നിങ്ങളോട് ഇഷ്ടം തോന്നിയത് “ഡാഡി ഉണ്ട് മോൾക്ക്” എന്ന് പറഞ്ഞിട്ട് ഒരു കരച്ചിൽ കരഞ്ഞതാണ്. കുട്ടിയുടെ പിറന്നാളിന് ഒരു വിഡിയോ ഇട്ടിട്ടുണ്ടായിരുന്നു. ആ കരച്ചിലിൽ ആണ് ഞാൻ വീണത്. അങ്ങനെ പല പെണ്ണുങ്ങളും ആ ഒരു സിംപതിയിൽ തന്നെയാണ് വീണത്. ഇനിയും നിങ്ങൾ അതുപോലത്തെ ഒരു സിമ്പതി കിട്ടാനുള്ള പരിപാടി ഉണ്ടാക്കാൻ പോകുന്നുണ്ട് എന്ന് എനിക്കറിയാം. ഇത്രകാലം ഒരുമിച്ച് താമസിച്ചതാണ് അപ്പൊ നിങ്ങളുടെ അടുത്ത നീക്കം ഏകദേശം എനിക്ക് മനസിലാകും. നിങ്ങളുടെ അടുത്ത ന്യൂസ് ഇതായിരിക്കും, അതുവരെ നിങ്ങൾ ഒന്നും മിണ്ടില്ല. ഐ ആം വെയിറ്റിംഗ്, വിജയ് സാർ ഒക്കെ പറയില്ലേ അതുപോലെ.

ഇപ്പോള്‍ എല്ലാത്തിനും തയാറായാണ് ഞാന്‍ നില്‍ക്കുന്നത്. പേടിച്ച് പേടിച്ച് എനിക്ക് മതിയായി. ജയിലിലായാലും ഭക്ഷണം കിട്ടുമല്ലോ. എനിക്ക് മൂന്ന് ദിവസം ഭക്ഷണം തരാതിരുന്നിട്ടുണ്ട്. റൂമില്‍ പൂട്ടിയിട്ടിട്ടുണ്ട്. ടാപ്പ് വെള്ളം കുടിച്ചു. അത്രയ്‌ക്കൊന്നും ജയിലിലുണ്ടാകുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ ഇനി എന്നെ കൊന്നാലും സാരമില്ല. ഞാന്‍ അത്രത്തോളം എത്തിക്കഴിഞ്ഞു. അത്രത്തോളം നാണം കെട്ട അവസ്ഥയില്‍ ആണ് താന്‍ ഉള്ളത്. ഡിപ്രെഷനും നാണക്കേടും സ്ട്രെസും കാരണം എന്ത് വന്നാലും അതിനെ നേരിടാന്‍ ഞാന്‍ തയാറാണ്.’’–എലിസബത്തിന്റെ വാക്കുകൾ.

Leave a Reply