കൊച്ചി ∙ രാത്രി വഴിയിൽ ഇറക്കി വിടാനുള്ള ശ്രമം പാളിയതിനെ തുടർന്ന് കെഎസ്ആർടിസി ബസ് ട്രിപ്പ് മുടക്കി 16 കിലോമീറ്റർ തിരികെ ഓടിക്കേണ്ടി വന്ന സംഭവത്തിൽ മനോരമ ഓണ്‍ലൈനിനോടു പ്രതികരിച്ച് യാത്രക്കാരനായ ചമ്പകശേരി ഞാറക്കാട്ടിൽ എൻ.എ.അഷ്റഫ്.പകൽ സമയത്തു പോലും ആളുകൾ യാത്ര ചെയ്യാൻ ഭയക്കുന്ന ആലുവ ബൈപ്പാസിലും മാർക്കറ്റ് ഭാഗത്തും പാതിരാത്രിയിലും പുലർച്ചെയും കെഎസ്ആർടിസിക്കാർ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ഇറക്കിവിടുന്നത് പതിവാണെന്ന് അഷ്റഫ് വ്യക്തമാക്കി. അടുത്തിടെ അഞ്ച് വയസ്സുള്ള ഒരു കുഞ്ഞിനെ അതിഥി തൊഴിലാളി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം നടന്നത് ഇതിന് അടുത്താണ്. സൂപ്പർ ഫാസ്റ്റുകൾ ഉൾപ്പെടെയുള്ള ബസുകൾ രാത്രിയിലും സ്റ്റാൻഡിൽ കയറണമെന്ന നിയമം കാറ്റിൽപ്പറത്തിയാണ് അപകടം നിറഞ്ഞ സ്ഥലത്ത് ഇറക്കിവിടുന്നതെന്ന് അഷ്റഫ് ചൂണ്ടിക്കാട്ടി.ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അഷ്റഫിനെ ആലുവ ബസ് സ്റ്റാൻഡിൽ ഇറക്കാനായി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് അങ്കമാലിയിൽനിന്ന് ആലുവയിലേക്ക് 16 കിലോമീറ്റർ തിരികെ ഓടിച്ചത്. ആലുവയ്ക്ക് ടിക്കറ്റ് നൽകാൻ കണ്ടക്ടർ തയാറായില്ലെന്ന് അഷ്റഫ് പറയുന്നു. ആലുവ ബൈപ്പാസിലും പുളിഞ്ചോട് ജംക്‌ഷനിലും ഇറക്കിവിടാനുള്ള നീക്കം പാളിയതോടെയാണ് അഷ്റഫുമായി ബസ് അങ്കമാലിയിലെത്തിയത്. അവിടെയും ഇറങ്ങാൻ കൂട്ടാക്കാതിരുന്നതോടെ ട്രിപ്പ് മുടക്കി അഷ്റഫുമായി തിരികെ രാതി 1.30ന് ആലുവ ബസ് സ്റ്റാൻഡിലെത്തുകയായിരുന്നു. അഷ്റഫിന്റെ പരാതിയിൽ ഡ്രൈവർ രവീന്ദ്രൻ, കണ്ടക്ടർ അനിൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.