ഫാലിമി, ഓസ്ലർ,നേര്, ഗുരുവായൂരമ്പല നടയിൽ, കിഷ്കിന്ധകാണ്ഠം, എആർഎം, മാർക്കോ,രേഖചിത്രം, ഓഫീസർ ഓൺ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര ക്യാരക്ടർ റോളുകൾക്ക് ശേഷം പുതിയ തന്റെ സിനിമകളിലൂടെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ പുറത്തെടുക്കുന്ന തിരക്കിലാണ് നടൻ ജഗദീഷ്. ഓരോ ചിത്രങ്ങളിൽ നിന്നും അടുത്തതിലേക്ക് പോകുമ്പോൾ ഒന്നിനൊന്ന് ഗംഭീരമായ വേഷപ്പകർച്ചയും അഭിനയ പ്രതിഭയും പ്രേക്ഷകർക്ക് വ്യക്തമായി കാണാം. തന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം പുതിയൊരു ഘട്ടത്തിലാണ് നിലവിൽ താൻ ഉള്ളതെന്ന് പല അഭിമുഖങ്ങളിലും താരം തന്നെ പറഞ്ഞിട്ടുമുണ്ട്. 2022ൽ ആയിരുന്നു താരത്തെ തനിച്ചാക്കി ഫോറൻസിക് സർജൻ കൂടിയായ ഡോ രമ വിടപറഞ്ഞത്. രമയോടുള്ള തന്റെ സ്നേഹത്തെ കുറിച്ച് ജഗദീഷ് സംസാരിക്കുമ്പോൾകണ്ണുനീരോടെ അല്ലാതെ അത് കേട്ട് നിൽക്കാൻ പ്രേക്ഷകർക്ക് കഴിയാറില്ല. അത്രയ്ക്ക് ആഴത്തിലായിരുന്നു ഇരുവരുടെയും ബന്ധം.
മരണശേഷവും എന്റെ ഏറ്റവും അടുത്തവർ എന്നോടൊപ്പമുണ്ടെന്ന് പറയുന്നത് ക്ലീഷേ ആയി തോന്നാം. പക്ഷേ അതാണ് സത്യം. ഒപ്പം രമയുണ്ട് എന്ന തോന്നൽ ആണ്. രമയുടെ മരണം താങ്ങാനാവാത്ത ഒരു ഞെട്ടലായിരുന്നു. പിന്നെ, ഞാൻ ഓർക്കും, രമ തിരക്കിലൂടെ ഓടുന്നത് മാത്രേ ഞാൻ കണ്ടിട്ടുള്ളു. ആരോഗ്യമില്ലാത്ത ഒരു അവസ്ഥ രമയ്ക്ക് പോലും സങ്കൽപ്പിക്കാൻ കഴിയില്ല. അവസാന നാളുകളിൽ പോലും, വീൽചെയറിൽ ഇരിക്കുന്നത് അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് വലിയ വേദനയില്ലാതെ യാത്ര ആയത് രമയ്ക്ക് ഒരു ആശ്വാസമായിരുന്നിരിക്കണം. അങ്ങനെ സമാധാനിക്കാൻ ശ്രമിക്കുകയാണ് ഞാൻ- ജഗദീഷ് പറയുന്നു.
എനിക്ക് രമയോടുള്ള സ്നേഹം ഉള്ളിൽ ആയിരുന്നു. ചിലപ്പോൾ ഷൂട്ടിന്റെ ഇടവേളകളിൽ ഞാൻ രമയെ വിളിക്കും – നീ ഭക്ഷണം കഴിച്ചോ? എന്താണ് വിശേഷം? അങ്ങനെയുള്ള കൊച്ചു വർത്തമാനം പറയാൻ തുടങ്ങുമ്പോൾ, രമ ചോദിക്കും – വെറുതെ വിളിച്ചത് ആണോ എന്നെ? ഷൂട്ടിനിടയിലല്ലേ? ജോലി സമയം പാഴാക്കരുത്. വീട്ടിലെത്തുമ്പോൾ ഞാൻ വിളിക്കാം എന്ന്. ജോലിക്കിടയിൽ ഒരു ഫോൺ കോൾ പോലും ചെയ്യുന്നത് രമയ്ക്ക് ഇഷ്ടം അല്ലായിരുന്നു. അത്രയും അച്ചടക്കം. ഒരു ഫോറൻസിക് സർജന്റെ ആ സൂക്ഷ്മത ജീവിതത്തിലുടനീളം ഉണ്ടായിരുന്നു – ജഗദീഷ് പറയുന്നു.






