Spread the love

കാഞ്ഞങ്ങാട്∙ ടോമിക്ക് ഇത് ശരിക്കും ന്യൂ ഈയറാണ്. അപകടത്തിൽപെട്ട് ആരും കാണാതെ വഴിയരികിൽ വീണപ്പോൾ മഞ്ഞ ഹെൽമറ്റും കാക്കി ഷർട്ടും ധരിച്ചെത്തിയ രണ്ട് പേരോടാണ് അവന് കടപ്പാട്. അവരില്ലെങ്കിൽ താനിന്ന് ജീവനോടെ ഉണ്ടാകില്ലെന്ന് ടോമിക്കറിയാം. ടോമി എന്ന തെരുവ് നായ കുട്ടിയുടെയും വൈദ്യുതി സെക്‌ഷനിലെ രണ്ട് ലൈൻമാൻ മാരുടെയും കഥയാണിത്. ചെറുവത്തൂർ വടക്കെവളപ്പിലെ ശ്യാംകുമാർ തൃക്കരിപ്പൂർ മെട്ടമ്മലിലെ ലൈജു എന്നിവരാണ് ഈ കഥയിലെ താരങ്ങൾ. ദിവസങ്ങൾക്ക് മുൻപ് മാവുങ്കാൽ ടൗണിന് സമീപത്താണ് സംഭവം നടന്നത് .

റോഡ് കുറുകെ കടക്കവേ തെരുവുനായക്കുട്ടി അപകടത്തിൽപെടുകയായിരുന്നു. ഈ സമയം ജോലി കഴിഞ്ഞ് ഇതു വഴി വരികയായിരുന്ന ശ്യാമും ലൈജുവും ചേർന്ന് ഇതിനെ എടുത്ത് മാവുങ്കാലിലെ തങ്ങളുടെ സെക്‌ഷൻ ഓഫിസിലെത്തി ഇതിനെ സംരക്ഷിക്കുകയായിരുന്നു. ഇവർ തന്നെയാണ് ഇതിന് ടോമി എന്ന പേര് നൽകിയിതും.

ടോമിയാകട്ടെ ഇപ്പോൾ മാവുങ്കാലിലെ ഓഫിസിന് സമീപത്ത് ഇവർ ഒരുക്കിയ കൂട്ടിൽ സുഗമായി കഴിയുന്നു. രാവിലെ ഇവർ ജോലിക്ക് ഇറങ്ങുമ്പോൾ ടോമി സ്നേഹത്തോടെ ഇവരുടെ അടുത്തെത്തി നിൽക്കും തിരിച്ച് വരുന്നത് വരെ ടോമിക്ക് വിഷമമാണ് . തിരിച്ചെത്തിയാൽ കുരച്ച് കൊണ്ട് സ്നേഹത്തോടെ നിൽക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കും. ഇവർ അവധിയായാലും തങ്ങളുടെ പ്രിയപ്പെട്ട ടോമിയെ കാണാൻ ഓഫിസിലേക്ക് എത്തും.

Leave a Reply