
കോഴിക്കോട്ട് സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇര്‍ഷാദ് മരിച്ചു. പുറക്കാട്ടിരി പുഴയില്‍ കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് സ്ഥിരീകരിച്ചതായി റൂറല്‍ എസ്പി പറഞ്ഞു. ഡിഎന്‍എ പരിശോധന നടത്തിയാണ് മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് സ്ഥിരീകരിച്ചതെന്നു കോഴിക്കോട് റൂറൽ എസ്പി ആർ.കറപ്പസാമി അറിയിച്ചു.
ജൂലൈ 17ന് കടലൂർ നന്തിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മൃതദേഹം മേപ്പയൂർ വടക്കേക്കണ്ടി ദീപകിന്റേതാണെന്നു കരുതി സംസ്കരിച്ചിരുന്നു. എന്നാൽ രണ്ടു ദിവസം മുൻപ് നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇത് ദീപക്കിന്റെ മൃതദേഹം അല്ലെന്ന് വ്യക്തമായി. തുടർന്നാണ് ഇർഷാദിന്റെ മാതാപിതാക്കളുടെ ഡിഎൻഎ സാമ്പിൾ പരിശോധിച്ചത്.
ജൂലൈ 16ന് രാത്രി പുറക്കാട്ടിരി പാലത്തിൽ നിന്ന് ഇർഷാദ് താഴേക്ക് ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്നവർ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലൂർ നന്തിയിൽ കണ്ടത്തിയ മൃതദേഹം ദീപക്കിന്റേത് അല്ലെന്നും ഇർഷാദിന്റെയാണെന്നും കണ്ടെത്തിയത്.
കേസിൽ വയനാട് സ്വദേശി ഷെഹീല്‍, ജിനാഫ് എന്നിവർ അറസ്റ്റിലായി. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റും ഉടനുണ്ടാകും. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായവര്‍. ഇവര്‍ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മേയ് 13 നാണ് ഇര്‍ഷാദ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയത്. 17ന് ജോലി ആവശ്യത്തിനായി വയനാട്ടിലേക്ക് പോയ മകനെ പിന്നീട് കണ്ടിട്ടില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അതിനിടെ മകന്‍ കസ്റ്റഡിയിലുണ്ടെന്നും ഗള്‍ഫില്‍ നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കിട്ടാതെ വിട്ടയക്കില്ലെന്നും സ്വര്‍ണകടത്ത് സംഘം വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. തെളിവിനായി ഇര്‍ഷാദിന്‍റെ ഒരു ഫോട്ടോയും അയച്ചുകൊടുത്തു. തുടര്‍ന്ന് ബന്ധുക്കള്‍ ഈ വിവരം പൊലിസിനെ അറിയിച്ചു.