Spread the love

പാലക്കാട്: പാടൂര്‍ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വിരണ്ടോടിയ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്ര ഭരണ സമിതി. തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നത്. മറ്റൊരു ആന ഇടഞ്ഞപ്പോള്‍ ആളുകള്‍ പേടിച്ചോടുകയായിരുന്നു. ആനയുടെ മുന്നില്‍ ഉണ്ടായിരുന്ന ഒന്നാം പാപ്പാന്‍ ആളുകള്‍ ചിതറി ഓടുന്നതിനിടയില്‍ വീണതാണ്. ആളുകളുടെ ചവിട്ടേറ്റ പാപ്പാന്‍ രാമന് നിസാര പരിക്കുകളെയുള്ളൂ. കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ശുശ്രൂഷക്ക് ശേഷം പാപ്പാന്‍ രാമനെ വിട്ടയച്ചു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനയെ ഇകഴ്ത്തി കാണിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകുകയാണെന്നും അതിന്റെ ഭാഗമാണ് വാര്‍ത്തയെന്നും ക്ഷേത്രം ഭരണ സമിതി ആരോപിച്ചു. പാടൂര്‍ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞ് ഏറെ നേരം പരിഭ്രാന്തി പരത്തിയെന്നായിരുന്നു വാര്‍ത്ത. വീഡിയോയും പുറത്തുവന്നിരുന്നു. എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിനു ശേഷമായിരുന്നു സംഭവം. ഉടന്‍ തന്നെ എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

പിറകില്‍ നിന്നിരുന്ന ആന ചിന്നം വിളിച്ചതില്‍ പ്രകോപിതനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മുന്നോട്ട് ഓടിയതെന്നായിരുന്നു പറഞ്ഞിരുന്നത്. പാപ്പാന് പുറമെ, പാടൂര്‍ തെക്കേകളം രാധിക, അനന്യ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഉത്സവസീസണില്‍ പലയിടത്തും ആനയിടഞ്ഞ് പരിഭ്രാന്തി പരത്തുന്ന സംഭവങ്ങള്‍ തുടരുകയാണ്.

കഴിഞ്ഞ അഞ്ചാം തീയതി എറണാകുളത്തും തൃശൂരിലുമായി രണ്ടിടത്ത് ആനയിടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എറണാകുളം പെരുമ്ബാവൂരിനടുത്ത് ഇടവൂരില്‍ ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന കൊളക്കാട് ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. ഇടവൂര്‍ ശങ്കരനാരായണ ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്. ആനയെ തളക്കാന്‍ സാധിച്ചത് വലിയ അപകടമൊഴിവാക്കി.

Leave a Reply