കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വീഡിയോയായിരുന്നു പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുന്ന സ്കൂൾ വിദ്യാർത്ഥിയുടേത്. പലരും 16-കാരനായ വിദ്യാർത്ഥിയേയും വീട്ടുകാരെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയപ്പോൾ മറ്റു ചിലർ വിദ്യാർത്ഥിയെയും ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കഥയറിയാതെ കുട്ടിയെ മാത്രം പഴിചാരരുതെന്നും കുട്ടികൾ വളരുന്ന സാഹചര്യം മനസിലാക്കി, അവരോട് പെരുമാറണമെന്നുമായിരുന്നു ഇക്കൂട്ടരുടെ വാദം. ഇത്തരത്തിൽ നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്തും കുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന കുട്ടികളുടെ മോശം ബാല്യം കൂടി കണക്കിലെടുക്കണമെന്നായിരുന്നു താരം പറഞ്ഞത്.
അതേസമയം അശ്വതിയുടെ പോസ്റ്റ് വൻ വൈറൽ ആവുകയും അധ്യാപകനെതിരെ കൊലവിളി നടത്തിയ വിദ്യാര്‍ത്ഥിയെ അശ്വതിയെ പോലുള്ളവര്‍ പിന്തുണയ്ക്കുന്നു എന്ന തരത്തിൽ നടിക്കെതിരെ വലിയ കുറ്റപ്പെടുത്തലുകളും സാമൂഹ്യ മാധ്യമങ്ങളിൽ വന്നിരുന്നു. ഇതിൽ പ്രതികരിച്ചു വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ.
”പോസ്റ്റില്‍ എവിടേയും ആ കുട്ടിയുടെ പെരുമാറ്റത്തെ പിന്തുണച്ചിട്ടില്ല. കുട്ടിയുടെ പെരുമാറ്റത്തിന് ഒരു മൂലകാരണമുണ്ടാകും. അതിനെ അഡ്രസ് ചെയ്യാതെ എന്തൊക്കെ ചെയ്‍താലും ശരിയാകില്ല. ഇതുപോലുള്ള എല്ലാ കേസുകളിലും എന്താണ് ആ മൂലകാരണം എന്ന് അറിയണം. അത് കൂട്ടുകെട്ടുകളാണോ, എന്തെങ്കിലും തരത്തിലുള്ള അഭ്യൂസോ സബ്‌സ്റ്റന്‍സിന്റെ ഉപയോഗമാണോ, ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ പരിഗണിക്കണം. അതിന് മാതാപിതാക്കളുടേയും അധ്യാപകരുടേയും പങ്കാളിത്തം വേണം”, അശ്വതി വിശദീകരണ വീഡിയോയിൽ പറഞ്ഞു.
”ആ കുട്ടിയെ എന്നോട് കൊണ്ടു പോയി വളര്‍ത്താനാണ് ചിലര്‍ പറഞ്ഞത്. ഞാന്‍ ഇപ്പോള്‍ രണ്ട് കുട്ടികളെ വളര്‍ത്തുന്നുണ്ട്. അവരെ നന്നായി വളര്‍ത്തിയാല്‍ പോരേ. കുറച്ചുകൂടെ ശ്രദ്ധ വേണം, സമൂഹം ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞാല്‍ അതിനര്‍ത്ഥം ഞാന്‍ വീട്ടില്‍ കൊണ്ടു പോയി വളര്‍ത്തിക്കൊള്ളാം എന്നല്ല. പരസ്യമായി വധ ഭീക്ഷണി മുഴക്കിയാലും പിന്തുണയുണ്ടെന്നാണ് മറ്റൊരാൾ പറഞ്ഞത്. ഒരിക്കലുമല്ല. ആ കുട്ടിയുടെ പെരുമാറ്റത്തെ ഞാൻ പിന്തുണയ്ക്കുന്നില്ല. പക്ഷെ അത് കറക്ട് ചെയ്യുമ്പോള്‍ ആ വ്യക്തിയെ തള്ളിക്കൊണ്ടല്ല കറക്ഷന്‍ നടത്തേണ്ടത്”, അശ്വതി കൂട്ടിച്ചേർത്തു.