വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായ മലർവാടിയിലൂടെ സിനിമയിലേക്ക് ചേക്കേറിയ താരമാണ് അജു വർഗീസ്. ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത നടന സാന്നിധ്യമായി മലയാള സിനിമയിൽ താരം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ പറന്തു പോയിലെ പെർഫോമൻസ് കണ്ട് മെഗാസ്റ്റാർ മമ്മൂട്ടി മെസ്സേജ് അയച്ച സന്തോഷം ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ് അജു. പതിനഞ്ച് വര്‍ഷത്തെ തന്റെ കരിയറില്‍ ആദ്യത്തെ അനുഭവമായിരുന്നു ഇതെന്നും അജു പറയുന്നു. റാം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പറന്ത് പോ. വളരെ കുറച്ച് സമയം മാത്രമേ സ്‌ക്രീനില്‍ വന്നു പോകുന്നുള്ളുവെങ്കിലും അജുവിന്റെ പെര്ഫോമന്സിന് വലിയ അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്.
”സിനിമ റിലീസായപ്പോള്‍ ഞാന്‍ സന്തുഷ്ടനായിരുന്നു. പൊതുവെ അമിതമായി ഞാന്‍ സന്തോഷിക്കാറില്ല. സിനിമ വിജയിക്കുമ്പോള്‍ ഉത്തരവാദിത്തം പൂര്‍ത്തിയാകുന്നത് പോലെയാണ്. പരാജയമാണെങ്കില്‍ അതില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ടാകും. വിജയമാണെങ്കില്‍ ഒരു ഉത്തരവാദിത്തം പൂര്‍ത്തിയായി, അടുത്തത് എന്ത് എന്നായിരിക്കും ചിന്ത. പക്ഷെ ഇത്തവണ ഇത്തിരി വ്യത്യസ്തമാണ്. കാരണം എനിക്ക് മമ്മൂട്ടിയുടെ പക്കല്‍ നിന്നൊരു മെസേജ് ലഭിച്ചു” എന്നാണ് അജു പറയുന്നത്.
”പതിനഞ്ച് വര്‍ഷത്തെ എന്റെ കരിയറില്‍ ആദ്യത്തെ അനുഭവമായിരുന്നു അത്. അതുമൊരു തമിഴ് ചിത്രത്തിന്. അഞ്ച് മിനുറ്റ് മാത്രമുള്ളൊരു കഥാപാത്രത്തിനും. കഥാപാത്രത്തിന്റെ ദൈര്‍ഘ്യമൊന്നും വിഷയമല്ല. സംവിധായകനും എഴുത്തുകാരനും കൃത്യമായി പ്ലേസ് ചെയ്യാന്‍ അറിഞ്ഞിരുന്നാല്‍ മതിയെന്ന എന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആ സംഭവം” എന്നും അജു വര്‍ഗീസ് പറയുന്നു.
പറന്തു പോ കണ്ടിരുന്നു, ഗുഡ് വര്‍ക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ മെസേജ്. അത് മതി. അത് തന്നെ ധാരാളം. ലോകത്തിലെ തന്നെ ഏറ്റവും മഹാന്മാരായ നടന്മാരില്‍ ഒരാളാണ് അത് അയക്കുന്നത്. ഞാനിത് ഒരുപാട് സ്‌നേഹത്തോടേയും ബഹുമാനത്തോടേയും സ്വീകരിക്കുന്നുവെന്ന് മറുപടി നല്‍കിയെന്നാണ് അജു വര്‍ഗീസ് പറയുന്നത്.










