സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ബുക്കിംഗിൽ ഇതിനോടകം റെക്കാർഡിട്ട് കഴിഞ്ഞു. വ്യാഴാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. സിനിമയുടെ ട്രെയിലറിലടക്കമുള്ള ചുവന്ന ഡ്രാഗൺ ചിത്രമുള്ള വസ്ത്രം ധരിച്ച് പുറംതിരിഞ്ഞുനിൽക്കുന്ന നടൻ ആരാണെന്ന ചോദ്യം സോഷ്യൽ മീഡിയയിലടക്കം ഉയർന്നിരുന്നു. ആരാണ് ആ നടൻ എന്നുള്ളത് സിനിമയുടെ തന്നെ ബിഗ് സീക്രട്ടുകളിലൊന്നാണ്.
ഫഹദാണതെന്നായിരുന്നു മിക്കവരും കരുതിയിരുന്നത്. ഫഹദാണ് പ്രധാന വില്ലനെന്നും ചിലർ അഭിപ്രായപ്പെട്ടു.അത് ഫഹദല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. ചിത്രത്തിൽ ഫഹദ് ഇല്ലെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മുരളി ഗോപി തിരക്കഥ രചിച്ച എമ്പുരാൻ മാർച്ച് 27ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദർശനം ആരംഭിക്കുന്നത്. തമിഴ്നാടിന് പുറമേ പാൻ ഇന്ത്യൻ തലത്തിലും വമ്പൻ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക.
2019ൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാൻ എത്തുന്നത്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.