Spread the love

സത്യൻ മാഷ്
(1912 നവംബർ 9 – 1971 ജൂൺ 15)…

നാട്യങ്ങളുടെ മൂടുപടമില്ലാത്ത മഹാനടൻ…

രക്താർബുദത്തിന് കീഴടങ്ങി അരങ്ങൊഴിഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട്…

നാടക – സിനിമാ നടൻ, പോലീസ് ഇൻസ്പെക്ടർ (പുന്നപ്ര – വയലാർ സമരകാലത്ത് ആലപ്പുഴയിലെ ഇൻസ്പെക്ടർ), രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസർ, സെക്രട്ടറിയേറ്റിൽ ക്ലർക്ക്, തിരുവനന്തപുരം സെൻ്റ് ജോസഫ്സ് സ്കൂളിലെ അദ്ധ്യാപകൻ… ജീവിതത്തിൽ പകർന്നാടിയ വേഷങ്ങൾ നിരവധി…

‘ആത്മസഖി’ (1952) മുതൽ ‘അനുഭവങ്ങൾ പാളിച്ചകൾ’ (1971) വരെ നീളുന്ന രണ്ട് പതിറ്റാണ്ടിൻ്റെ ചലച്ചിത്ര സപര്യ…

‘അനുഭവങ്ങൾ പാളിച്ചകളി’ ലെ ‘ചെല്ലപ്പൻ’ ചിത്രീകരണം പൂർത്തിയാകും മുൻപെ വേഷം അഴിച്ചുമാറ്റി വിട പറഞ്ഞു…
‘പ്രവാചകൻമാരെ’ എന്ന ഗാനരംഗത്തിൽ ‘ചെല്ലപ്പ’ൻ്റെ മുഖത്ത് തെളിഞ്ഞ കരളുരുക്കുന്ന ഭാവപകർച്ച സ്വന്തം ശരീരത്തിലെ തുളഞ്ഞുകയറുന്ന വേദനയുടെ ബഹിർസ്ഫുരണമായിരുന്നുവെന്ന് സഹപ്രവർത്തകരുടെ സാക്ഷ്യം…
പകരക്കാരനുമൊത്ത് അവസാന സീനിലെ കരച്ചിൽ അഭിനയിച്ച് തീർത്ത ഷീലയുടെ കണ്ണിൽ നിന്ന് ഉതിർന്ന് വീണത് സത്യൻ മാഷെന്ന മനുഷ്യസ്നേഹിയുടെ വിയോഗം സൃഷ്ടിച്ച ചുടു നിണം…

മികച്ച നടനുള്ള കേരള സംസ്ഥാനത്തിലെ ആദ്യ അവാർഡ് ‘കടൽപ്പാല’ ത്തിലെ (1969) അച്ഛൻ്റെയും (നാരായണ കൈമൾ ) മകൻ്റെയും (രഘു) ഇരട്ട വേഷപകർച്ചയ്ക്ക്…
‘കരകാണാക്കടലി’ ലെ ‘തോമ’ യിലൂടെ 1971 ൽ വീണ്ടുമൊരിക്കൽ കൂടി മികച്ച നടനുള്ള സംസ്ഥാന അവാർഡ്..

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ കൈയ്യൊപ്പ് ചാർത്തിയ ആദ്യ മലയാള സിനിമ (1954 ൽ രജതകമലം) ‘നീലക്കുയിലി’ൽ ‘ശ്രീധരൻ നായരാ’ യും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് (1965 ൽ സ്വർണകമലം) ആദ്യമായി കേരളത്തിലെത്തിച്ച ‘ചെമ്മീനി’ ൽ ‘പളനി’ യായും വെള്ളിത്തിരയിൽ തിളങ്ങിയ നക്ഷത്രം…

മലയാള സിനിമാ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഒരു പിടി മികച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് വിസ്മയിപ്പിക്കുന്ന ജീവൻ പകർന്ന കലാകാരൻ…

‘ചെമ്മീനി’ ലെ ‘പളനി’ യും ‘ഓടയിൽ നിന്നി’ ലെ ‘പപ്പു’ വും ‘വാഴ്‌വേമായത്തി’ലെ ‘സുധി’ യും സത്യൻ മാഷിൻ്റെ ‘യഥാതഥമായ’ അഭിനയശൈലിയിലൂടെ അഭ്രപാളികളിൽ ജീവൻ വച്ച കഥാപാത്രങ്ങളിൽ ചിലത് മാത്രം…

കടുത്ത വേദന കടിച്ചമർത്തി സിനിമയിലും ജീവിതത്തിലും ആത്മവിശ്വാസത്തോടെ തലയുയർത്തി നടന്ന ജേതാവ്…

അനുഭവങ്ങൾ പാളിച്ചകളുടെ സെറ്റിൽ നിന്ന് സ്വയം കാറോടിച്ച് സഹപ്രവർത്തകനെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം കെ.ജെ ആശുപത്രിയിലെത്തി ഡോക്ടറോട് സംസാരിച്ച് കുഴഞ്ഞു വീഴുവോളം ചാഞ്ചല്യമില്ലാതെ മനസ്സ് ദൃഢമായിരുന്നു…

ദൃഢചിത്തരായി പ്രതിസന്ധികളിൽ പതറാതെ ഉയർന്ന ശിരസ്സുമായി ജീവിതയാത്ര തുടരാൻ നമുക്ക് മുന്നിൽ മാതൃകയായി സത്യൻ മാഷ്…

സ്മരണാഞ്ജലികളോടെ..
???

Leave a Reply