ഹൈദരാബാദിൽ പൊതുപരിപാടിക്ക് എത്തിയ നടി സാമന്തയെ ജനക്കൂട്ടം വളഞ്ഞതിനെതിരെ പ്രതികരണവുമായി ഗായിക ചിന്മയി. ജനക്കൂട്ടത്തെ നിയന്ത്രിക്കാത്തതിനെ വിമർശിച്ച അവർ മോശം ആസൂത്രണവും അടിസ്ഥാന പൗര മര്യാദയില്ലായ്മയും കാരണം താരങ്ങളെ എന്തിനാണ് തുടർച്ചയായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിർത്തുന്നതെന്ന് ചോദിച്ചു.
ജൂബിലി ഹിൽസിൽ ഒരു വസ്ത്രവ്യാപാരശാല ഉദ്ഘാടനം ചെയ്യാനാണ് സാമന്ത എത്തിയത്. നടി വരുന്നുവെന്നറിഞ്ഞതോടെ ധാരാളം ആരാധകരും കാഴ്ചക്കാരും പരിപാടി നടക്കുന്ന സ്ഥലത്തിന് പുറത്ത് തടിച്ചുകൂടി. സുരക്ഷാ ക്രമീകരണങ്ങളും ഇതോടെ താളംതെറ്റി. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി ചിന്മയി രംഗത്തെത്തിയത്.
“സാമന്തയുടെ ടീം അംഗം ആര്യ ഉൾപ്പെടെയുള്ളവർ, മുഴുവൻ ശക്തിയും ഉപയോഗിച്ച് അവരെ സംരക്ഷിക്കുകയാണ്. അദ്ദേഹത്തിന് പരിക്കേറ്റിരിക്കാം. അടിസ്ഥാന പൗര സ്വഭാവം അറിയാത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഒരു നടിയുടെ ജോലിയല്ല,” ചിന്മയി എഴുതി.
വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് തിരിച്ചുപോകുംവഴിയാണ് സാമന്തയ്ക്ക് ആരാധകരിൽനിന്ന് മോശം അനുഭവമുണ്ടായത്. നടിക്കുനേരെ ആരാധകർ തിക്കിത്തിരക്കിയെത്തി. ആരാധകക്കൂട്ടത്തിൽനിന്ന് ഒരാൾ നടിക്കുമേലേക്ക് വീഴാനൊരുങ്ങി. ഇയാൾ നടിയുടെ സാരിയിൽ ചവിട്ടിവീഴുകയും ചെയ്തു. നടി സമചിത്തതയോടെയാണ് ആരാധകരുടെ സമീപനത്തെ നേരിട്ടത്.
പ്രഭാസ് നായകനാകുന്ന ‘ദി രാജാസാബ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ നടി നിധി അഗർവാളിനെതിരേ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം വലിയ ചർച്ചയായിരുന്നു. ഹൈദരാബാദിൽ ചടങ്ങിനുശേഷം തിരികെ പോവുകയായിരുന്ന നടി ആരാധകരുടെ തിരക്കിൽപ്പെട്ടുപോവുകയായിരുന്നു. തിരക്കിനിടെ നടിയെ എത്തിത്തൊടാനും വസ്ത്രം പിടിച്ചുവലിക്കാനും ശ്രമിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് നടി സാമന്തയ്ക്കും സമാന അനുഭവമുണ്ടായത്.









