‘കേരള ക്രൈം ഫയൽസ്’ എന്ന വെബ് സീരീസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ ലാൽ മുതിർന്ന നടൻ ജഗതി ശ്രീകുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയകളിൽ ചൂടൻ ചർച്ചയായി മാറിയിരിക്കുന്നത്. അമ്പിളി ചേട്ടൻ എന്ന് വിളിപ്പേരുള്ള ജഗതി ശ്രീകുമാർ ഇല്ലാത്ത പലതും ഡയറക്ടർ ആക്ഷൻ പറഞ്ഞു കഴിയുമ്പോൾ പറയുമെന്നും ചെയ്യുമെന്നും മറ്റു പല സഹ നടന്മാരും പലപ്പോഴും പ്രശംസ എന്നോണം പറയാറുണ്ട്. എന്നാൽ ഇത്തരം പ്രവണതകൾക്ക് എതിരെയാണ് ലാലിപ്പോൾ പരാമർശം ഉന്നയിച്ചിരിക്കുന്നത്. എത്ര വലിയ നടൻ ആണെങ്കിലും സ്ക്രിപ്റ്റിൽ ഇല്ലാത്ത ഒരു കാര്യം ആഡ് ചെയ്യുമ്പോൾ അത് നിർബന്ധമായും ഡയറക്ടർ അറിഞ്ഞിരിക്കണം എന്നാണ് ലാൽ പറഞ്ഞത്. അല്ലാതെ ഇത്തരം കൂട്ടിച്ചേർക്കലുകൾ ഒരാളുടെ കഴിവ് മികവോ ആയി കൂട്ടാൻ കഴിയില്ലെന്നും ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയാത്തതാണെന്നും ലാൽ വ്യക്തമാക്കി.
ലാലിന്റെ വാക്കുകൾ
അമ്പിളിച്ചേട്ടനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതലായി പറയുന്ന ഒരു കാര്യമാണ്. പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഡയലോഗുകൾ പറയും. ചില ചലനങ്ങൾ ഇടും. അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തുകഴിഞ്ഞാൽ സംവിധായകൻ നിർബന്ധമായും പറയണം, ഒന്നുകിൽ അത് പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്ന്. അല്ലെങ്കിൽ നന്നായിരുന്നു, ഒക്കെ എന്ന് പറയണം. അതല്ലെങ്കിൽ അതുവേണ്ട എന്ന് പറഞ്ഞ് മാറ്റണം.
അതല്ലാതെ അത് കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. അത് ഏത് വലിയ നടനാണെങ്കിലും. അത് ആ സീനിനെ ബാധിക്കുമോ എന്നുള്ളതിനേക്കാൾ ഉപരിയായി കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്. നമ്മൾ ഒരുകാര്യം തീരുമാനിച്ചുറപ്പിച്ചാണ് പോയിരിക്കുന്നത്. ഇയാൾ പറഞ്ഞ് നിർത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്കിനെ ബന്ധപ്പെട്ടായിരിക്കും ചിലപ്പോൾ ഞാൻ ഡയലോഗ് പറയേണ്ടത്. ആ കണക്ഷൻ നഷ്ടപ്പെട്ടാൽ ചിലപ്പോൾ നമുക്കത് പറയാൻ ബുദ്ധിമുട്ടാകും. ചിലപ്പോൾ നമ്മൾ പറഞ്ഞ് ഒപ്പിക്കുമായിരിക്കും. പക്ഷേ അത് നമ്മുടെ പറഞ്ഞൊപ്പിക്കലാകും.
അപ്പോൾ ദുർബലം ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും, അതിനൊപ്പം ഒരാൾ അവിടെ പരാജയപ്പെടും. അതുകൊണ്ട് അതൊട്ടും ശരിയായ കാര്യമല്ല. ഈ സ്വന്തമായി ഇടുക, അല്ലെങ്കിൽ സ്‌പൊണ്ടേനിയസ് ആയി ഇടുക എന്നത് ഒട്ടും നല്ല ലക്ഷണമല്ല








