ന്യൂഡല്‍ഹി : പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തോടു പ്രതികരിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്റേതാണെന്നു സോണിയ ഗാന്ധി പറഞ്ഞു.
പ്രത്യേക സമ്മേളനത്തിനായി പാര്‍ലമെന്റിലേക്ക് എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു സോണിയ. ‘ഇത് ഞങ്ങളുടേതാണ്’ എന്നായിരുന്നു വാക്കുകൾ. വനിതാ സംവരണ ബില്‍ ഉടനെ ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണു ബിൽ.
കഴിഞ്ഞ ദിവസം സർവകക്ഷി യോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെ ഒട്ടുമിക്ക പാർട്ടികളും വനിതാ സംവരണ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്, 2010 മാർച്ച് 9നു വനിതാസംവരണ ബിൽ രാജ്യസഭ പാസാക്കിയതാണ്. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെയും ആർജെഡിയുടെയും എതിർപ്പുണ്ടായതിനാൽ ബിൽ ലോക്സഭയിലെത്തിയില്ല.