വിമാനത്താവളത്തിൽ പരിശോധനയ്ക്കായി എന്നും കൃത്രിമക്കാൽ ഊരിമാറ്റേണ്ടിവരുന്നതിൽ പ്രതിഷേധവുമായി നടിയും നർത്തകിയുമായ സുധ ചന്ദ്രൻ. ഔദ്യോഗികാവശ്യങ്ങള്‍ക്കായി യാത്രചെയ്യുമ്പോൾ വിമാനത്താവളങ്ങളിൽ പരിശോധനയുടെ ഭാഗമായി കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നത് വേദനാജനകമാണെന്നും തന്റെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്നും നടി പരാതിപ്പെട്ടു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരിനെയും പരാമര്‍ശിച്ച് സുധ ചന്ദ്രന്റെ പരാതി. തന്നെപ്പോലുള്ള മുതിർന്ന പൗരന്മാർക്ക് ഇത്തരം പരിശോധനകൾ ഒഴിവാക്കുന്നതിനായി പ്രത്യേക കാർഡ് നൽകണമെന്നും പ്രധാനമന്ത്രിയോട് നടി ആവശ്യപ്പെട്ടു.
സുധയുടെ പരാതി വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. പ്രമുഖരടക്കമുള്ളവർ നടിയെ പിന്തുണച്ചെത്തി. രാജ്യം അംഗീകരിച്ച കലാകാരിയുടെ പരാതിയിൽ പരിഹാരം കാണണമെന്ന് നിരവധിപ്പേർ ആവശ്യപ്പെട്ടിട്ടുണ്ട്.
വർഷങ്ങൾക്ക് മുൻപാണ് കാറപകടത്തിൽ സുധയുടെ കാൽ നഷ്ടമായത്. ഏറെ നാളത്തെ വിശ്രമത്തിന് ശേഷം ഇവർ നൃത്തരംഗത്തും അഭിനയരംഗത്തും തിരിച്ചെത്തുകയായിരുന്നു.