Spread the love

അപകടത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കേണ്ടിവന്ന മുതിർന്ന നടനാണ് ജഗതി ശ്രീകുമാർ. താരത്തിന്റെ തിരിച്ചുവരവിനായുള്ള സിനിമകളും വിശേഷങ്ങളും ചർച്ചയാകുന്നതിനിടെ കൗതുകവും സന്തോഷവും നൽകുന്ന ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇക്കഴിഞ്ഞ ദിവസം കലൂരിൽ വച്ച് നടന്ന അമ്മ താരസംഘടനയുടെ താര സംഗമത്തിൽ ജഗതി കുടുംബസമേതം എത്തിയിരുന്നു.ചന്ദനനിറമുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് നിറചിരിയോടെ വീൽചെയറിൽ 13 വർഷത്തിന് ശേഷം അമ്മയുടെ മീറ്റിങ്ങിന്റെ ഭാഗമാകാൻ എത്തിയ താരത്തെ മോഹൻലാൽ അടക്കമുള്ള താരങ്ങൾ ചേർത്തുപിടിക്കുന്നതും കുശലം ചോദിക്കുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

യോഗത്തിൽ മുൻനിരയിലായിരുന്നു ജഗതി ശ്രീകുമാറിന്റെ സ്ഥാനം. മോഹൻലാലും സുരേഷ് ഗോപിയും ചേർന്ന് താരത്തെ സ്വാഗതവും ചെയ്തിരുന്നു. തുടർന്ന് വലുതും ചെറുതുമായ നിരവധി താരങ്ങൾ അദ്ദേഹത്തോട് കുശലാന്വേഷണങ്ങൾ ചോദിക്കുകയും സ്നേഹം പ്രകടിപ്പിക്കുന്നതും ചിത്രങ്ങളിൽ കാണാം. എല്ലാരോടും സ്നേഹം നിറഞ്ഞ നിറ പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചെവിയിൽ കുശലം പറഞ്ഞ മോഹൻലാലിനെ കൈയുയർത്തി ജഗതി തലോടുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം.

എന്തായാലും സിനിമയിൽ സജീവമാകുന്നതിന്റെ മുന്നോടിയായാണ് താരം സംഘടനയുടെ മീറ്റിങ്ങിൽ പങ്കെടുത്തതെന്നും മലയാള സിനിമ വളരെയധികം മിസ്സ് ചെയ്യുന്ന നടൻ തിരിച്ചു വരുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ആണ് സോഷ്യൽ മീഡിയ നിവാസികളുടെ കമന്റുകൾ.

Leave a Reply