Spread the love
തമിഴ് ചലച്ചിത്രം അതിർത്തി കടക്കുമ്പോൾ നാം എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? ‘ജയ് ഭീം’

ചലച്ചിത്രത്തേക്കാൾ വലിയ റിയൽ ഹീറോയുണ്ടാവുകയും ആ നായകൻ ചലച്ചിത്രത്തോടൊപ്പം യാത്ര ചെയ്യുകയും ചെയ്യുമ്പോൾ നിർമ്മിതമാവുന്ന ഗ്ലാമറാണ് ജയ് ഭീം എന്ന സൂര്യ ചിത്രത്തിന് അനായാസേന ലഭിച്ചത്. ചിത്ര നിർമ്മിതിയിലെ സത്യസന്ധതയും മെലോഡ്രാമ തുടങ്ങിയ അവിശ്വസനീയ ഗ്ലാമർ ചേരുവകളുടെ അപനിർമ്മാണവും സംഭവഗതികളുടെ റിയൽഫോക്കസ്സും ഈ ചിത്രത്തെ തീക്ഷ്ണ സംവേദനത്തിൻ്റെ മുൻ നിരയിലേക്ക് അടുപ്പിക്കുകയാണ്. സൂര്യ എന്ന തമിഴ് സൂപ്പർ സ്റ്റാറിൻ്റെ കലാജീവിതത്തിൽ എന്നുമോർക്കപ്പെടുന്ന കഥാപാത്രമായിരിക്കും ജയ് ഭീമിലെ അഡ്വക്കേറ്റ് ചന്ദ്രു.

1993ലാണ് ആ സംഭവം നടക്കുന്നത്. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ നെയ് വേലി ഗ്രാമത്തിലെ കമാപുരം പാർവതി എന്ന ആദിവാസി യുവതി, പോലീസ്, തൻ്റെ ഭർത്താവിനെ അനധികൃതമായി ലോക്കപ്പിലടച്ചതിനെ തുടർന്ന് അയാളെ കാണാതായപ്പോൾ മദിരാശി ഹൈക്കോടതിയിൽ കൊടുത്ത ഹേബിയസ് കോർപ്പസ് ഹർജിക്കു പിന്നിലാണ് കരുത്തനായ മനുഷ്യസ്നേഹിയായ ആ വക്കീലിനെ നാം ശ്രദ്ധയോടെ നോക്കിയത്. അയാൾ പിന്നീട് മദിരാശി ഹൈക്കോടതി ജഡ്ജിയായി ചരിത്രം കുറിച്ച ജസ്റ്റിസ് കെ. ചന്ദ്രുവും മനുഷ്യ സ്നേഹത്തിൻ്റെ പുതിയ മുഖവുമായി. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നാം തിയ്യതി ഈ മുൻ ന്യായാധിപൻ്റെ പുസ്തകമിറങ്ങി. അതിൻ്റെ പേര് ഇതാണ്;
Listen to my case! where women approach the courts of Tamilnadu.
ഇദ്ദേഹം ഹൈക്കോടതി ജഡ്ജിയായിരുന്ന ആറു വർഷക്കാലത്ത് 96000 കേസുകൾക്കാണ് വിധി വന്നത്. കേസ്സുകൾ തൊടാൻകൂടി മടിച്ച് നീട്ടി നീട്ടികൊണ്ടു പോകുന്ന ശീലത്താൽ മുഷിഞ്ഞ ന്യായാധിപൻമാരുടെയിടയിലാണ് ജസ്റ്റിസ് കെ. ചന്ദ്രു വ്യതിരിക്തനാവുന്നത്. കോടതിയിൽ തന്നെ ‘മൈ ലോഡ്’ എന്ന് വിളിക്കുന്നത് തടഞ്ഞ ഈ ന്യായാധിപനാണ് വനിതകൾക്കും പുരോഹിതയാവാം എന്ന വിധി പ്രസ്ഥാവിച്ചത്. ജാതി വ്യത്യാസമില്ലാതെ ഏവർക്കും ഒരേ സ്മശാനം വേണമെന്ന് വിധിച്ചത്. നാടകം അരങ്ങേറുന്നത് വ്യക്തിസ്വാതന്ത്ര്യമാകയാൽ പോലീസ് അനുമതിയുടെ ആവശ്യമില്ലെന്ന് വിധിച്ചത്. ഉച്ചയൂണു കേന്ദ്രങ്ങളിൽ അടിസ്ഥാന വർഗ്ഗത്തിന് സംവരണം വേണമെന്ന് വിധിച്ചത്. ഈ ജഡ്ജിയുടെ കോടതിയിൽ ഏതു സ്ത്രീക്കും എപ്പോഴും കയറി ചെല്ലാമായിരുന്നു.

ഇദ്ദേഹം വക്കീലായിരിക്കുമ്പോഴാണ് ചലച്ചിത്രത്തിനാസ്പദമായ സംഭവമുണ്ടാവുന്നത്. തെളിവുകളെല്ലാം പോലീസ് നശിപ്പിച്ചിട്ടും പാർവതിയെന്ന ആദിവാസി യുവതിയുടെ വേദനയ്‌ക്കൊപ്പം നിന്ന് ചന്ദ്രുവക്കീൽ കോടതി കയറി. അവസാനം ആ പോരാട്ടം തന്നെ ജയിച്ചു. ആദിവാസി യുവതിക്ക് നീതി ലഭിക്കാൻ ബീഹാറുകാരൻ ജസ്റ്റിസ് മിശ്രയുടെ ഇടപെടലും കേസിന് ബലമായി എന്ന് ചന്ദ്രു വക്കീൽ നന്ദിയോടെ ഓർക്കുന്നുണ്ട്. അക്കാലത്ത് സൗത്ത് ആർക്കോട്ട് ജില്ലയിൽ പോലീസ് അതിക്രമം കാട്ടിയ ചിദംബരം പത്മിനി, കമാപുരം പാർവതി, അത്തിയൂർ വിജയ, രത്നാ മേരി തുടങ്ങിയ കേസുകളിലൊക്കെ ഇതേ ജസ്റ്റിസ് മിശ്ര കനത്ത വിധികളുമായി അധ:കൃതൻ്റേയും അബലയുടേയും കൂടെ നിന്നതും ചന്ദ്രു വക്കീൽ എന്ന മനുഷൃസ്നേഹി കൃതാർത്ഥതയോടെ സ്മരിക്കുന്നുണ്ട്. പാർവതിയെന്ന ഇരുള യുവതിക്കുവേണ്ടി വാദിച്ച ചന്ദ്രു ജയിക്കുമെന്നായപ്പോൾ പോലീസ് അധികൃതർ യുവതിയെ ഒരു ലക്ഷം രൂപ കാട്ടി പ്രലോഭിപ്പിച്ചു. അവളതിന് തയ്യാറാവാഞ്ഞപ്പോൾ ചന്ദ്രു വക്കീലിനു നേർക്കും നീട്ടി ഒരു ലക്ഷം രൂപ. അയാളവരെ അതിക്രൂരമായി ആട്ടിപ്പുറത്താക്കി. യുവതിക്ക് നഷ്ടപരിഹാരമായി വീടും ധനവും നൽകാനും അക്രമം കാട്ടിയ പോലീസ് അധികൃതരെ ജയിലിലിടാനുമായിരുന്നു അന്നത്തെ കോടതി ഉത്തരവ്.

ആ ജസ്റ്റിസ് ചന്ദ്രു വിൻ്റെ അരികിലാണ് 15 മിനുട്ട് ഡോക്യുമെൻററിചിത്ര നിർമ്മാണത്തിനായി ജയ് ഭീമിൻ്റെ സംവിധായകൻ ജ്ഞാന വേൽ എത്തുന്നത്. ഹൈക്കോടതിയിൽ നിന്നും പിരിയുന്ന ദിവസം ഹോട്ടൽ പാർട്ടി നിഷേധിച്ച്, ഓദ്യോഗിക വാഹനം സർക്കാറിന് വിട്ടുകൊടുത്ത് സബർബൻ ട്രെയിനിൽ വീട്ടിലേക്കു തിരിച്ച ജസ്റ്റിസ് ചന്ദ്രുവിന് ജ്ഞാന വേലിനോട് നോ എന്നു പറയാൻ ഒട്ടും താമസം വേണ്ടി വന്നില്ല. തന്നെ പുകഴ്ത്തുന്ന ഒന്നിനും കൂട്ടുനിൽക്കില്ലെന്നാണ് ആ പഴയ SFIക്കാരൻ പറഞ്ഞത്. പട്ടികജാതി-വർഗ്ഗത്തിൻ്റെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ കൈ തരാമെന്നു പറഞ്ഞ ജസ്റ്റിസ് ചന്ദ്രുവിൻ്റെ മുന്നിലാണ് യഥാർത്ഥത്തിൽ ജയ് ഭീം എന്ന സിനിമയുടെ തുടക്കം. പിന്നെ ആ ഗ്രാമത്തെക്കുറിച്ചും ആ കേസിനെക്കുറിച്ചും സംവിധായകനുമായും നടൻ സൂര്യയുമായും നിരന്തരം ചർച്ച നടത്തി. അങ്ങനെ അവസാനം ചെന്നൈയിലും കൊടൈക്കനാലിലും ഷൂട്ടിംഗ് ലൊക്കേഷനിൽ ആ റിയൽ ഹീറോ, സൂര്യയുടെ ചന്ദുവിനെ കാണാൻ പോയി. സംവിധായകനും നായകനും റിയൽ ഹീറോയുടെ ഓരോ മാനറിസവും മനപ്പാഠമാക്കിയിരുന്നു. അവർ ഹൈക്കോടതിയുടെ സെറ്റ് ഇട്ടപ്പോൾ ജഡ്ജിമാർക്കു നേർ മുന്നിൽ ജസ്റ്റിസ് ചന്ദ്രുവിൻ്റെ ആരാധനപാത്രങ്ങളായ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടേയും ജസ്റ്റിസ് സത്യ ദേവിൻ്റേയും ഛായാചിത്രങ്ങൾ തൂക്കിയിട്ടു.
അനുചിതമെന്ന രീതിയിൽ ഈ ചിത്രത്തിൽ കോടതിനടപടികൾക്കിടയിൽ കോടതിക്കുള്ളിൽ ഇരുള സമുദായത്തിലെ കുട്ടികൾ കളിക്കുന്നതു കാണാം. ഒരു കോടതിയും സഹിക്കുന്നതല്ല ഇത്തരം കാര്യങ്ങൾ. എന്നാൽ ജസ്റ്റിസ് ചന്ദ്രു വിൻ്റെ കോടതിയിൽ ഇതൊക്കെ അനുവദിച്ചിരുന്നു എന്നതു മാത്രമല്ല അദ്ദേഹം കുട്ടികൾക്ക് മിഠായിയും കളിക്കോപ്പുകളും വരെ നൽകിയിരുന്നു എന്നത് സംവിധായകൻ ചോർത്തിയെടുത്ത വസ്തുത.
സാധാരണക്കാരൻ്റെ മിശിഹ എന്നറിയപ്പെട്ടിരുന്ന ജസ്റ്റിസ് ചന്ദ്രുവിനെ അവതരിപ്പിക്കാൻ സംവിധായകന് മറ്റൊരു ജിജ്ഞാസയും വിവേകവും വേണമായിരുന്നു.

അവസാനമിതാ ജയ് ഭീം ആമസോൺ പ്രൈമിൽ ദീപാവലിക്കാലത്തെത്തിയിരിക്കുന്നു. സൂര്യ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൂര്യയുടെ കലാജീവിതത്തിലെ മികച്ച കഥാപാത്രം എന്നതുപോലെതന്നെ സെങ്കനി (യഥാർത്ഥ സംഭവത്തിലെ പാർവതി) എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലിജോ മോൾ ജോസ്, രാജക്കണ്ണ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്oൻ എന്നിവരുടെയൊക്കെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ. ലിജോമോൾക്കു പുറമേ മലയാളികളായ രജീഷ വിജയൻ ,സിബി തോമസ് തുടങ്ങിയവരും പ്രകാശ് രാജ് എന്ന മികച്ച നടനും ഗംഭീര പ്രകടനമാണ് നടത്തുന്നത്.

സിങ്കം തുടങ്ങിയ ചിത്രങ്ങളിലൂടെ പോലീസിനെ ന്യായീകരിക്കുകയും പലപ്പോഴും നിയമം കൈയിലെടുത്ത് വിധി നടപ്പിലാക്കുകയും ചെയ്യുന്ന ഒരാളിൽ നിന്നും ദളിത്-ആദിവാസി സമൂഹത്തിനു നേർക്ക് പോലീസ് നടത്തിയ അക്രമങ്ങൾക്കു മുകളിൽ വിജയം നേടുന്ന ആദിവാസി സ്ത്രീയുടെ പോരാട്ടത്തിന് കൈ കൊടുക്കുന്ന ചന്ദ്രു എന്ന അഭിഭാഷകൻ്റെ വേഷം ചർച്ചയാവുമെന്നതിൽ സംശയമില്ല. മനുഷ്യനന്മയെന്ന ഗ്ലാമറാണ് ഇവിടെ സൂര്യയുടെ ചന്തം. അഭിഭാഷകനുപരിയായി കുറ്റാന്വേഷകൻ എന്ന നിലയിലേക്ക് വികസിച്ച ചന്ദ്രുവിൻ്റെ പോരാട്ടങ്ങൾ ചരിത്രത്തിൽ നേരത്തേ പതിഞ്ഞതുമാണല്ലോ.

ജാതിതിരിഞ്ഞുള്ള നീതിയെന്ന വൃത്തികെട്ട ഏർപ്പാടിൻ്റെ മധ്യത്തിലേക്കാണ് പ്രതിഷേധവുമായി ഈ സിനിമ കണ്മിഴിക്കുന്നത് എന്നതുകൊണ്ട് സാമൂഹൃപ്രതിബദ്ധത ഇതിൻ്റെ ഭാഗവുമാണ്. പോലീസ് അക്രമങ്ങൾക്ക് ഇനിയും അറുതിവരാത്ത ഇന്ത്യയിൽ ദളിത്-ആദിവാസി യുവതിയുടെ പോരാട്ട വിജയം വരയ്ക്കുന്ന ഈ ചിത്രം സമകാലീന സമൂഹത്തിന് പ്രചോദനമാണ്. എന്നേ തല്ലിക്കെടുത്തപ്പെട്ട സന്തോഷത്തിൻ്റെ കനലുമായി ജീവിതം മുഴുവൻ വെന്ത സെങ്കനിയെന്ന ദളിത് യുവതി വിധി കേട്ട ശേഷം കോടതി മുറ്റത്ത് തൻ്റെ പറക്കമുറ്റാത്ത മകളുമായി പെരുമഴ കൊള്ളുന്നയിടത്താണ് കഥാന്ത്യം. പാതിയിലുമധികം വെന്ത അവളുടെ ഉയിരിനെ ആ കാലവർഷം ശമിപ്പിച്ചിരിക്കാം. ചന്ദ്രുവെന്ന അഭിഭാഷകനും അതേ മഴ കൊള്ളാതിരിക്കാനാവില്ല. കാരണം അയാളും അതേ പൊള്ളൽ ഏറ്റുവാങ്ങിയതാണ്.

ഈ ചിത്രത്തിൻ്റെ സംഗീതം എടുത്തു പറയേണ്ടതാണ്. സീൻ റോൾഡനു വേണ്ടി ഗ്രാമി അവാർഡിനൊക്കെ നോമിനേറ്റ് ചെയ്യപ്പെട്ട മാറ്റ് ഡുങ്ക്ളി ലണ്ടനിലെ പ്രശസ്ഥമായ അബ്ബിറോഡ് സ്റ്റുഡിയോവിൽ ആലേഖനം ചെയ്തതാണ് ഇതിൻ്റെ പശ്ചാത്തല സംഗീതം. മിഷൻ ഇംപോസിബിൾ, ബാറ്റമാൻ, മമ്മി ,പൈററ്റ്സ് ഓഫ് കരീബിയൻ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ സംഗീതമൊരുക്കിയയാളാണ് മാറ്റ് ഡുങ്ക്ളി. സീൻ റോൾഡൻ്റെ സംഗീതം ഈ കഥയിൽ എത്രമാത്രം സംയമനം പാലിച്ചുവെന്ന് സിനിമയുടെ ഭാവി ചരിത്രം വിലയിരുത്തും. എസ്.ആർ.കതിരിൻ്റെ ക്യാമറയും ഫിലോമിൻ രാജിൻ്റെ എഡിറ്റിംഗും എടുത്തു പറയണം.

ജസ്റ്റിസ് ചന്ദുവെന്ന റിയൽ ഹീറോ ഈ ചിത്രത്തെ എങ്ങിനെ വിലയിരുത്തുമെന്നറിയാൻ നമുക്ക് കാത്തിരിക്കാം. ഇന്നും എവിടെയോ പാർക്കുന്ന ശെങ്കനിയുടെ ഒറിജിനൽ മാതൃകയായ പാർവതി ഈ ചിത്രം കണ്ടിരിക്കുമോ എന്നും അറിയണമെന്നുണ്ട്. നമുക്കു കാത്തിരിക്കാം.

ജയ് ഭീം ഒരു തമിഴ് ചിത്രം മാത്രമല്ല. അത് ഇന്ത്യയോടു മുഴുവൻ സംസാരിക്കുകയാണ്.

Leave a Reply