കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക്ക് സി. തോമസിനും ഭാര്യ ഗീതു തോമസിനും ആൺകുഞ്ഞ്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി ജെയ്ക്ക് അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗീതുവിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപവോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു പ്രചാരണം. ഗീതു വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം. ഇതിനെതിരെ ഗീതു കോട്ടയം എസ്പി ഓഫിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനോട് 37,719 വോട്ടിനാണ് ജെയ്ക്ക് പരാജയപ്പെട്ടത്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പകളിൽ ഉമ്മൻ ചാണ്ടിക്കെതിരെയും മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലും ജെയ്ക്ക് തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകുകയായിരുന്നു.