Spread the love
️കുതിച്ചുപാഞ്ഞ് ജല്ലിക്കെട്ട് കാളകൾ: കാണാനെത്തിയ ഒരാൾ മരിച്ചു; 80 പേർക്ക് പരിക്ക്

പൊങ്കൽ ആഘോഷത്തിന്‍റെ ഭാഗമായി മധുര അവണിയാപുരത്ത് ആവേശപ്പോരാട്ടമായി ജല്ലിക്കെട്ട് മത്സരം. കുതിച്ചുപാഞ്ഞ കാളയുടെ ഇടിയേറ്റ് മത്സരം കാണാനെത്തിയ ഒരാൾ മരിച്ചു. മധുര അവണിയാപുരത്തിലെ കുട്ടീസിന്റെ മകൻ ബാലമുരുകനാണ് (18) മരിച്ചത്.

കാളയെ പിടിച്ചുകെട്ടാൻ ശ്രമിച്ചവരും കാള ഉടമകളും കാണികളുമുൾപ്പെടെ 82 പേർക്ക് പരിക്കേറ്റു.

മത്സരം കാണുന്നതിനിടെ ബാലമുരകന്റെ നെഞ്ചിൽ കാള ശക്തിയായി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബാലമുരുകനെ ചികിത്സയ്ക്കായി മധുര രാജാജി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

പരിക്കേറ്റ 80 പേരിൽ പതിനൊന്നു പേരെ മധുര സർക്കാർ രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത കാളകളുടെയും കാളയെ മെരുക്കുന്നവരുടെയും സുരക്ഷയ്ക്കായി ഡോക്ടർമാരുടെ സംഘത്തെയും പത്തിലധികം ആംബുലൻസുകളും ഏർപ്പെടുത്തിയിരുന്നു. മത്സര സുരക്ഷയ്ക്കായി 1000-ത്തിലധികം പോലീസുകാരേയും നിയോഗിച്ചിരുന്നു.

ഓൺലൈൻ മുഖാന്തരം തിരെഞ്ഞടുക്കപ്പെട്ട 624 കാളകളും കാളകളെ മെരുക്കാനുള്ള 300 പേരും മത്സരത്തിൽ പങ്കെടുത്തു. മന്ത്രിമാരായ പഴനിവേൽ ത്യാഗരാജൻ, മൂർത്തി എന്നിവർ മത്സരം ഉദ്ഘാടനം ചെയ്തു. രാവിലെ എഴര മുതൽ വൈകുന്നേരം അഞ്ച് വരെ നടന്ന മത്സരത്തിൽ കാളകളെ പിടിച്ചടക്കിയവർക്ക് മന്ത്രി പഴനിവേൽ ത്യാഗരാജൻ കുക്കർ, കിടക്ക, ബൈക്ക്, സൈക്കിൾ, അലമാര, വെള്ളി, സ്വർണ്ണ നാണയങ്ങൾ, മൊബൈൽ, കട്ടിൽ, കസേര തുടങ്ങിയവ സമ്മാനമായി നൽകി.

ജല്ലിക്കെട്ട് മത്സരത്തിൽ 24 കാളകളെ പിടിച്ചടക്കിയ മധുര അവണിയാപുരത്തെ കാർത്തികിന് ഒന്നാംസമ്മാനമായി കാറും 19 കാളകളെ പിടിച്ചടക്കി രണ്ടാംസ്ഥാനത്തെത്തിയ മധുര വളയകുളത്തിലെ മുരുകന് ബൈക്കും 12 കാളകളെ പിടിച്ചുകെട്ടി മൂന്നാംസ്ഥാനത്തെത്തിയ മധുര വിളാങ്കുഠിയിലെ ഭരത് കുമാറിന് പശുക്കുട്ടിയേയും നൽകി.

ആർക്കും പിടികൊടുക്കാതെ കളത്തിൽനിന്ന്‌ കളിച്ച കാളയുടെ ഉടമ മണപ്പാറ ദേവസകായത്തിന് ഒന്നാംസമ്മാനമായി ബൈക്കും രണ്ടാംസ്ഥാനത്തെത്തിയ കാളയുടെ ഉടമ മധുര അവണിയാപുരത്തിലെ രാമുവിന് പശുക്കുട്ടിയേയും മൂന്നാം സ്ഥാനത്തെത്തിയ കാളയുടെ ഉടമ മധുര അവണിയാപുരത്തിലെ പ്രകാശിന് സൈക്കിളും നൽകി. ജല്ലിക്കെട്ട് മത്സരത്തിൽ മധുര കളക്ടർ അനീഷ് കുമാർ, മധുര കോർപ്പറേഷൻ കമ്മിഷണർ, എം.പി. മാർ, എം.എൽ.എ. മാർ തുടങ്ങിയവർ മത്സരം കാണാനെത്തി.

Leave a Reply